ടൈ ഗ്ലോബല്‍ മത്സരത്തില്‍ നടക്കാവ് സ്‌കൂള്‍ ഫൈനലില്‍

By Web TeamFirst Published Jul 19, 2020, 5:14 PM IST
Highlights

ലോകമെമ്പാടുമുള്ള 23 ടീമുകളില്‍ നിന്ന് എട്ടെണ്ണമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. കൊവിഡ് പ്രതിസന്ധി മൂലം യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന മത്സരത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് സംഘം പങ്കെടുത്തത്.

കോഴിക്കോട്: ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടൈ യങ് എന്റര്‍പ്രണേഴ്‌സ് ഗ്ലോബല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ഫൈനലില്‍. ലോകമെമ്പാടുമുള്ള 23 ടീമുകളില്‍ നിന്ന് എട്ടെണ്ണമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 

കൊവിഡ് പ്രതിസന്ധി മൂലം യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന മത്സരത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് സംഘം പങ്കെടുത്തത്. ലോകത്താകമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം സംവദിക്കുന്നതിനായി 'വേള്‍ഡ് ക്ലാസ്' എന്ന പേരില്‍ രൂപകല്‍പ്പന ചെയ്ത ആപ്പ് ആണ് റഹ്മ സുഹൈര്‍, റന ഫാത്തിമ, ഷിയാന മക്‌സൂദ്, അര്‍ച്ചന അരുണ്‍, അഞ്ജന അരുണ്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ സംഘത്തെ ഫൈനലില്‍ എത്തിച്ചത്. 

കെഫ് ഹോള്‍ഡിങ്‌സിന്റെ സാമൂഹിക സേവന വിഭാഗമായ  ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂള്‍ എന്ന ബഹുമതി നേടിയ നടക്കാവ് സ്‌കൂളിന് വേണ്ട പ്രോത്സാഹനം നല്‍കുന്നത്. 120 വര്‍ഷത്തെ പാരമ്പര്യമുള്ള സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2013ല്‍ ആവശ്യമായ പിന്തുണ നല്‍കിയതും ഫൗണ്ടേഷനാണ്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമര്‍ വിഭാവനം ചെയ്ത പ്രിസം പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനം ലക്ഷ്യമിട്ടുള്ള മിഷന്‍ 1000 പ്രോജക്ടിന് പ്രചോദനമായതും നടക്കാവ് സ്‌കൂളാണ്.

ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് റൂം സെഷനുകള്‍, മെന്ററിങ്, ബിസിനസ് പ്ലാന്‍ മത്സരം എന്നിവ സംയോജിപ്പിച്ച് സംരംഭകത്വം, നേതൃപാടവം എന്നിവ പരിശീലിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെ മികച്ച സംരംഭകരായും ഭാവി നേതാക്കളായും വളര്‍ത്തിയെടുക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ആഗോള സംരംഭമാണ് ടൈ. 

'ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ടൈ ഗ്ലോബല്‍ ഫൈനലിലെത്തുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ ലോകത്തിന് മുമ്പില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ പ്രതിനിധീകരിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് ഇത് അഭിമാന നിമിഷമാണ്'- എംഎല്‍എ എ പ്രദീപ് കുമാര്‍ പറഞ്ഞു.

ഇത്തരം അവസരങ്ങളിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന നിലവാരം സംബന്ധിച്ചുള്ള പൊതുധാരണകളില്‍ മാറ്റമുണ്ടാക്കാന്‍ കാരണമാകുന്നെന്ന് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകനും കെഫ് ഹോള്‍ഡിങ്‌സ് കമ്പനി ചെയര്‍മാനുമായ ഫൈസല്‍ കോട്ടിക്കോളന്‍ പറഞ്ഞു. 

നടക്കാവ് വൊക്കേഷണല്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫൈനലിലെത്തിയത് അഭിമാനകരമാണെന്ന് ടൈ കേരളയുടെ പ്രസിഡന്റ് അജിത് എ മൂപ്പന്‍ പ്രതികരിച്ചു. ബിസിനസ് കഴിവുകളും നേതൃപാടവവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിന് ഇത്തരം മത്സരങ്ങള്‍ സഹായകമാകുമെന്ന് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ജോസഫ് സെബാസ്റ്റ്യന്‍ പ്രതികരിച്ചു.
 

click me!