ദുബൈയിലെ പുതിയ യാത്രാ നിബന്ധനകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

By Web TeamFirst Published Jan 30, 2021, 9:34 PM IST
Highlights

ദുബൈയിലെ സ്ഥിരതാമസക്കാര്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ദുബൈയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണം. ഏത് സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരാണെങ്കിലും ദുബൈ വിമാനത്താവളം വഴിയാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ പരിശോധന നടത്തണം. 

ദുബൈ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈയില്‍ പ്രഖ്യാപിച്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ദുബൈയിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റിയാണ് പുതിയ നിബന്ധനകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചത്.

ഞായറാഴ്‍ച മുതല്‍ ദുബൈയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. ഏത് രാജ്യത്ത് നിന്ന് വരുന്നവര്‍ക്കും ഇത് ബാധകമാണ്. ദുബൈയിലെ സ്ഥിരതാമസക്കാര്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ദുബൈയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണം. ഏത് സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരാണെങ്കിലും ദുബൈ വിമാനത്താവളം വഴിയാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ പരിശോധന നടത്തണം. 

ഇതിന് പുറമെ ചില രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക്, അവിടുത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ദുബൈ വിമാനത്താവളത്തില്‍ വെച്ച് വീണ്ടും കൊവിഡ് പരിശോധന നടത്തും. കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായും കുറച്ചിട്ടുണ്ട്.

ദു ബൈയിലേക്ക് വരുന്ന താമസക്കാരും സന്ദര്‍ശകരും അല്‍ ഹുസ്‍ന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് കൊവിഡ് പരിശോധനാ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. കൊവിഡ് പരിശോധനാ ഫലം വരുന്നത് വരെ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. ഫലം പോസിറ്റീവാണെങ്കില്‍ 10 ദിവസം കൂടി താമസ സ്ഥലത്ത് ഹോം ക്വാറന്റീനിലിരിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇത് ബാധകമാണ്. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി പുറത്തിറക്കിയിട്ടുണ്ട്.

click me!