യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തി

By Web TeamFirst Published Oct 19, 2021, 11:54 PM IST
Highlights

വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

അബുദാബി: യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് ചൊവ്വാഴ്‍ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവര്‍ക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേര്‍ക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പങ്കെടുക്കുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്‍തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളില്‍ പരമാവധി 10 പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. എപ്പോഴും മാസ്‍ക് ധരിക്കുകയും പ്രവേശന കവാടങ്ങളില്‍ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം. 

click me!