കുവൈത്തിലെ ആരോഗ്യപ്രവർത്തകർക്ക് പുതിയ യൂണിഫോം; സമഗ്രമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി അധികൃതർ

Published : Jul 19, 2026, 05:06 PM IST
Nurse

Synopsis

കുവൈത്തിലെ സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ആരോഗ്യ മന്ത്രാലയം പുതിയ ഏകീകൃത വേഷധാരണ മാർഗനിർദേശം പുറത്തിറക്കി. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്ക് പ്രത്യേക യൂണിഫോം മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും, രോഗീപരിചരണ സമയത്ത് ജീൻസ്, ദിഷ്‌ദാഷ എന്നിവ നിരോധിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഔദ്യോഗിക വേഷധാരണം ഏകീകരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ സമഗ്ര മാർഗനിർദേശം പുറത്തിറക്കി. മന്ത്രാലയ ഉത്തരവ് നമ്പർ 70/2026 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, എഞ്ചിനീയർമാർ, എമർജൻസി മെഡിക്കൽ സർവീസ് ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക യൂണിഫോം മാനദണ്ഡങ്ങളാണ് മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കും ഇസ്‌ലാമിക് വനിതാ ജീവനക്കാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് തരം മെഡിക്കൽ സ്ക്രബുകളാണ് അംഗീകരിച്ചിരിക്കുന്നത്. നഴ്‌സിംഗ് ജീവനക്കാർക്കായി ഏകീകൃത യൂണിഫോമും നിർബന്ധമാക്കി. രോഗികളെ നേരിട്ട് പരിചരിക്കുന്ന സമയത്ത് ദിഷ്‌ദാഷയും ജീൻസും ധരിക്കുന്നത് നിരോധിച്ചു. മെഡിക്കൽ കോട്ട് മുട്ടുവരെയെത്തുന്ന തരത്തിലും അയഞ്ഞ രീതിയിലുമാകണം. കറുപ്പ് അല്ലെങ്കിൽ ഇരുണ്ട നീല നിറത്തിലുള്ള ജാക്കറ്റുകൾ അനുവദിക്കും. രോഗി പരിചരണ സമയത്ത് അബായയ്ക്ക് മുകളിൽ മെഡിക്കൽ കോട്ട് ധരിക്കാനും അനുമതിയുണ്ട്.

ആരോഗ്യ സ്ഥാപനങ്ങൾക്ക് പുറത്തേക്ക് മെഡിക്കൽ യൂണിഫോമോ ലാബ് കോട്ടോ ധരിച്ച് പോകുന്നതും വിലക്കി. എന്നാൽ ഹോം വിസിറ്റുകൾ, ഫീൽഡ് സന്ദർശനങ്ങൾ തുടങ്ങിയ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, ചെറിയതും വൃത്തിയുള്ളതുമായ നഖങ്ങൾ, നേരിട്ടുള്ള രോഗി പരിചരണ മേഖലകളിൽ കൃത്രിമ നഖങ്ങൾ നിരോധിക്കൽ, മുടി വൃത്തിയായി സൂക്ഷിക്കൽ, ലളിതമായ ആഭരണങ്ങൾ മാത്രം ധരിക്കൽ, അടഞ്ഞതും വഴുക്കാത്തതുമായ ഷൂകൾ ഉപയോഗിക്കൽ എന്നിവയും നിർബന്ധമാക്കി. നഴ്‌സിംഗ് ജീവനക്കാർ കറുത്ത ഷൂ ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പുതിയ മാർഗനിർദേശത്തിന്‍റെ ലക്ഷ്യം ആരോഗ്യ സ്ഥാപനങ്ങളിൽ ഏകീകൃത പ്രൊഫഷണൽ തിരിച്ചറിയൽ ഉറപ്പാക്കുകയും, രോഗി സുരക്ഷയും അണുബാധ നിയന്ത്രണവും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കൂടുതൽ ശക്തിപ്പെടുത്തുകയുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജയ്‌വാൻ കാർഡുകൾക്ക് ഔദ്യോഗിക തുടക്കം
കഴുത്ത് വേദനയില്ലാതെ ഇനി വിമാനയാത്ര ചെയ്യാം