സൗദിയില്‍ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസാ പദ്ധതിക്ക് അംഗീകാരം

By Web TeamFirst Published May 10, 2019, 2:47 AM IST
Highlights

സൗദി അറേബ്യയില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസാ പദ്ധതിക്ക് അംഗീകാരമായി. വിദേശികൾക്ക് സൗദിയിൽ ദീർഘകാല താമസ വിസ അനുവദിക്കുന്ന നിയമത്തിനു ശൂറാ കൗൺസില്‍ അംഗീകാരം നല്‍കി.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസാ പദ്ധതിക്ക് അംഗീകാരമായി. വിദേശികൾക്ക് സൗദിയിൽ ദീർഘകാല താമസ വിസ അനുവദിക്കുന്ന നിയമത്തിനു ശൂറാ കൗൺസില്‍ അംഗീകാരം നല്‍കി.

സൗദിയിൽ വിദേശികൾക്ക് സ്വന്തം പേരിൽ പാർപ്പിടങ്ങൾ വാങ്ങിക്കുന്നതിനും ഇതോടെ അനുമതിയായി. സൗദിയിൽ വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ ദീർഘകാല താമസ രേഖ അനുവദിക്കുന്നതിനാണ് ശൂറാ കൗൺസിൽ അംഗീകാരം നൽകിയത്.

കൂടാതെ വിദേശികൾക്ക് വീടുകളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാനും ഇഷ്ടാനുസരണം തൊഴിൽ മാറാനുമുള്ള അനുമതി, രാജ്യത്തു നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തുപോകുന്നതിനും മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യവും ശൂറാ കൗൺസിൽ പാസാക്കിയ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

കൂടാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ബന്ധുക്കൾക്ക് വിസിറ്റ് വിസ എടുക്കുന്നതിനും സാധിക്കും. വിമാനത്താവളങ്ങളിൽ സ്വദേശികൾക്കായുള്ള പ്രത്യേക കൗണ്ടറുകൾ ഉപയോഗിക്കാനുള്ള അനുമതി, വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കാനുള്ള അനുമതി തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾ പുതിയ നിയമം വിദേശികൾക്ക് നൽകുന്നു.

എന്നാൽ ദീർഘകാല വിസ അപേക്ഷകരായ വിദേശികളുടെ പ്രായം 21 ൽ കുറയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അനുയോജ്യമായ ധനസ്ഥിതിയുണ്ടെന്നു തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. രാജ്യത്തിനകത്തുള്ള അപേക്ഷകർക്ക് നിയമാനുസൃത താമസ രേഖയും നിർബന്ധമാണ്. കൂടാതെ കുറ്റകൃത്യങ്ങളിൽ പ്രതികളായവരാകാനും പാടില്ലെന്നും വ്യവസ്ഥയുണ്ട്.

click me!