വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

By Web TeamFirst Published Oct 27, 2020, 7:58 PM IST
Highlights

കുഞ്ഞ് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായിട്ടില്ല.

ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍. ഒക്ടോബര്‍ രണ്ടിനാണ് പിറന്ന ഉടനെ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. മെഡിക്കല്‍ സംഘത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുഞ്ഞിന് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി.

കുഞ്ഞ് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായിട്ടില്ല. മാതാവിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച വൈദ്യസംഘം ഇവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ഭാഗത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. 

മറ്റ് യാത്രക്കാര്‍ക്ക് ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ hiamedia@hamadairport.com.qa എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കുഞ്ഞിനെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നിയിലേക്കുള്ള വിമാനത്തിലെ 13 സ്ത്രീ യാത്രക്കാരെ ആംബുലന്‍സില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

click me!