ഒമാനിലെ രാത്രി ലോക്ക്ഡൗണ്‍ ശനിയാഴ്‍ച അവസാനിക്കും; രാജ്യത്തേക്ക് പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക്

By Web TeamFirst Published Aug 19, 2021, 4:34 PM IST
Highlights

കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മസ്‍കത്ത്: ഒമാനിൽ ഇപ്പോള്‍ നിലവിലുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്‍ച അവസാനിക്കും.  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടി. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ഇപ്പോഴുള്ള നിയന്ത്രണം ഇല്ലാതാകും.

കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകം. ഇതിന് പുറമെ രാജ്യത്തെത്തിയ ഉടന്‍ ആര്‍.ടി പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവണം. റിസള്‍ട്ട് പോസിറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയും വേണം. 

രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും  ഷോപ്പിംഗ് മാളുകളിലും പ്രവേശിക്കുന്നതിനും വാക്സിനേഷൻ  നിർബന്ധമാക്കി. സെപ്‍തംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സാംസ്‍കാരിക, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ടത് നിര്‍ബന്ധമാണ്.
 

click me!