
കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിലൊന്നിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒൻപത് സിറിയൻ പൗരന്മാർക്ക് 10 വർഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ടെററിസം ക്രൈംസ് കോടതി. ജഡ്ജി നാസർ അൽ-ബദർ അധ്യക്ഷനായ പാനലാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്കും തട്ടിപ്പിന് ഉപയോഗിച്ച രണ്ട് ജനറൽ ട്രേഡിംഗ്, പെർഫ്യൂം കമ്പനികൾക്കുമായി ആകെ 68.84 ലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 188 കോടി രൂപ) പിഴയും ചുമത്തി. കൂടാതെ, ഈ കമ്പനികളുടെ പ്രവർത്തനം സ്ഥിരമായി നിരോധിക്കാനും ഏത് തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് തടയാനും കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരെ കോടതി വെറുതെവിട്ടു.
വ്യാജ ബാങ്ക് രേഖകൾ ചമയ്ക്കൽ, സാമ്പത്തിക തട്ടിപ്പ്, ലൈസൻസില്ലാതെ വിദേശനാണയ വിനിമയം നടത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച 22.94 ലക്ഷത്തിലധികം കുവൈത്ത് ദിനാറാണ് സംഘടിത കുറ്റകൃത്യത്തിലൂടെ ഇവർ വെളുപ്പിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇരകളെ ആകർഷിച്ചിരുന്നത്. തുടർന്ന്, യഥാർത്ഥ വാങ്ങൽ തുകയേക്കാൾ വ്യത്യസ്തമായ വലിയ തുകകൾ അടയ്‌ക്കുന്നതിനായി കുവൈത്തിലെ വിവിധ സ്റ്റോറുകളുടെ പേരിൽ ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്കുകൾ അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam