
ദില്ലി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതില്‍ കേന്ദ്രം നല്കിയ ഉറപ്പ് പാഴാകുന്നു. അനിശ്ചിതത്വം തുടരുമ്പോള്‍ ഒരു വിശദീകരണം പുറത്തിറക്കാന്‍ പോലും വിദേശകാര്യമന്ത്രാലയം തയ്യാറാകാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. മൃതദേഹം കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി വേണമെന്ന് ചില ഇമിഗ്രേഷന്‍ ഓഫീസുകള്‍ ഉത്തരവിറക്കിയതും നടപടി സങ്കീര്‍ണ്ണമാക്കുന്നു
മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് മാറ്റാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികള്‍. മൃതദേഹം കൊണ്ടുവരാന്‍ അനുമതിയില്ലെന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊവിഡ് 19 കാരണമോ കൊവിഡ് സംശയിക്കുന്നതോ ആയ മരണമെങ്കില്‍ ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടു വരുന്നത് ഒഴിവാക്കണം എന്ന ഉത്തരവാണ് അടുത്തിടെ കേന്ദ്രം പുറത്തിറക്കിയത്. എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ഗള്‍ഫിലെ പല വിമാനത്താവളങ്ങളിലും അനുമതി നല്കുന്നില്ല.
റാസല്‍ ഖൈമയില്‍ മരിച്ച മലയാളിയുടെ മൃതദേഹം എല്ലാ നടപടികളും പൂര്‍ത്തിയാക്കി കാര്‍ഗോയ്ക്ക് കൈമാറിയ ശേഷമാണ് വിമാനത്തില്‍ കയറ്റുന്നത് വിലക്കിയത്. മൃതദേഹം തിരിച്ചെടുക്കാന്‍ പോലും കഴിയാത്ത നിലയാണ്. ഇമിഗ്രേഷന്‍ നടപടികള്‍ നിര്‍ത്തി വെച്ചതുകൊണ്ട് മൃതദേഹം കൊണ്ടു വരുന്നതിനും തടസ്സമുണ്ടെന്നാണ് ചില ഇമിഗ്രേഷന്‍ ഓഫീസുകള്‍ പറയുന്നത്. മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ പ്രത്യേക അനുമതി ഇന്ത്യയില്‍ നിന്ന് വാങ്ങണമെന്ന് ചില വിമാനത്താവളങ്ങളിലെ അധികൃതര്‍ പ്രത്യേക ഉത്തരവ് ഇറക്കിയതും ആശയക്കുഴപ്പതിന് ഇടയാക്കിയിട്ടുണ്ട്. ആശയക്കുഴപ്പം ഇല്ലെന്നും അനുമതി നല്കുമെന്നും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ വ്യക്തമാക്കിയിട്ട് ഒരു ദിവസം പിന്നിടുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.
വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഒരു വിശദീകരണകുറിപ്പ് പുറത്തിറക്കാന്‍ പോലും വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല. പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ യുഎഇയില്‍ നിന്ന് പ്രത്യേക അനുമതിക്കായി ആഭ്യന്തര മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രാലയത്തേയും നിരന്തരം ബന്ധപ്പെടുമ്പോഴും തണുപ്പന്‍ പ്രതികരണമാണ് കിട്ടിയത്. ചരക്ക് വിമാനങ്ങളിലാണ് ഇപ്പോള്‍ മൃതദേഹം കൊണ്ടുവരുന്നത്. കൊവിഡ് ഒഴികെയുള്ള കാരണം കൊണ്ടാണ് മരണമെങ്കില്‍ വിലക്കില്ലെന്നിരിക്കെ വെറുമൊരു ഔദ്യോഗിക വിശദീകരണത്തിലൂടെ പരിഹരിക്കാവുന്ന വിഷയത്തിലാണ് ഈ അലംഭാവം തുടരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam