
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി 2021 ഡിസംബര്‍ രണ്ടിന് ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വഴിയുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 13,000ത്തോളം അപേക്ഷകരില്‍ നിന്നും ഷോര്‍ട്ടു ലിസ്റ്റു ചെയ്ത നാനൂറോളം ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഫെഡറല്‍ എംപ്ലോയമെമെന്റ് ഏജന്‍സിയിലെയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും എട്ട് ഉദ്യാഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റര്‍വ്യൂ നടത്തിവരുന്നത്. ഈ മാസം നാലിന് ആരംഭിച്ച ഇന്റര്‍വ്യൂ ഈ മാസം 13ന് അവസാനിക്കും.
ആദ്യ ദിനം മുപ്പതോളം പേരുമായുള്ള അഭിമുഖമാണ് നടന്നത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം ജര്‍മ്മന്‍ ഓഫീസര്‍മാരുടെ പ്രശംസ നേടിയെടുത്തിട്ടുണ്ട്. ആദ്യ വര്‍ഷം തന്നെ അഞ്ഞൂറിലധികം നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ ജര്‍മന്‍ ഭാഷയില്‍ ബി - 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കിയതിനു ശേഷമാണ് ജര്‍മനിയിലേക്ക് കൊണ്ടു പോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും അവിടത്തെ തൊഴില്‍ സാഹചര്യവുമായി ഇണങ്ങി ചേരാനും ജര്‍മന്‍ രജിസ്‌ടേഷന്‍ നേടാനുമുള്ള പരിശീലനവും സൗജന്യമായി ലഭിക്കും.
ഇതിനു പുറമെ നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി-1, ബി-2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാര്‍ഥികളെയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പരിഗണിക്കുന്നത്. ഇടനിലക്കാരില്ലാതെ ഉടന്‍ തന്നെ ജര്‍മനിയില്‍ ജോലി നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇന്ത്യയില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള ആദ്യ ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് കരാറാണ് ട്രിപ്പിള്‍ വിന്നിലൂടെ യാഥാര്‍ഥ്യമായത്. അതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി മുന്നേറുന്നത് കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തില്‍ മാത്രമല്ല, യൂറോപ്പില്‍ തൊഴിലവസരം തേടുന്ന യുവജനങ്ങള്‍ക്ക് പൊതുവില്‍ ആഹ്ലാദം പകരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യമേഖലയില്‍ നിന്നും ഹോസ്‍പിറ്റാലിറ്റി അടക്കമുള്ള മറ്റു തൊഴില്‍ മേഖലകളിലേക്കു കൂടി റിക്രൂട്ടുമെന്റ് വ്യാപിക്കാനുള്ള എല്ലാ സാധ്യതയും പ്രയോജനപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് സാധ്യമായ ശ്രമങ്ങള്‍ തുടരും. എഞ്ചിനീയറിംഗ്, ഐ.ടി, ഹോട്ടല്‍ മാനേജ്‌മെന്റ് അടക്കമുള്ള മേഖലകളില്‍ ധാരാളം ഒഴിവുകള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
അത്തരം രംഗത്ത് കേരളത്തിന്റെ അക്കാദമിക നിലവാരം പരിശോധിക്കുന്നതിനും ജര്‍മനിയിലെ കരിക്കുലം തൊഴില്‍ നിയമങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായി ജര്‍മന്‍ ഉദ്യോഗസ്ഥരും കേരളത്തില്‍ നിന്നുള്ള ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരും ഒത്തുചേര്‍ന്നുകൊണ്ട് ഇന്‍ഡോ ജര്‍മന്‍ മൈഗ്രേഷന്‍ ഉന്നതതല ശില്‍പശാലയും മെയ് ആറിന് നടന്നു. ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുന്‍കയ്യെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam