വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കും

By Web TeamFirst Published Jan 31, 2019, 1:59 PM IST
Highlights

ജീവിതമാര്‍ഗം തേടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികള്‍ അവിടെ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിലവില്‍ എല്ലാ ചിലവുകളും സഹിതം ഒരു ലക്ഷത്തിലധികം രൂപയാണ് ആവശ്യമായി വരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസികളുടെ ദീര്‍ഘനാളായുള്ള ഒരു ആവശ്യത്തിന് കൂടി ഇന്നത്തെ സംസ്ഥാന ബജറ്റില്‍ ഉത്തരമായി. വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് ഇനി സര്‍ക്കാര്‍ വഹിക്കും. നേരത്തെ മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് ഈടാക്കുന്ന രീതി അവസാനിപ്പിച്ച് എയര്‍ഇന്ത്യ നിരക്ക് ഏകീകരിച്ചെങ്കിലും ഇത് ഫലപ്രദമല്ലെന്ന് പ്രവാസി സംഘടനകള്‍ ആരോപിച്ചിരുന്നു.

ജീവിതമാര്‍ഗം തേടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികള്‍ അവിടെ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിലവില്‍ എല്ലാ ചിലവുകളും സഹിതം ഒരു ലക്ഷത്തിലധികം രൂപയാണ് ആവശ്യമായി വരുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങള്‍ സൗജന്യമായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇന്ത്യക്കാര്‍ ഇക്കാര്യം ദീര്‍ഘകാലമായി സര്‍ക്കാറുകളോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനാണ് ഇന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പരിഹാരമായത്. പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവ് പൂര്‍ണമായും ഇനി നോര്‍ക്ക വഹിക്കും. 

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്കായി 25 കോടി രൂപയുടെ സാന്ത്വനം പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രവാസികള്‍ക്കുള്ള പ്രതിമാസ പെന്‍ഷനായ 2000 രൂപ അപര്യപ്തമാണെന്ന വിമര്‍നത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിക്ഷേപ ഡിവിഡന്റ് പദ്ധതിക്ക് പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപം നല്‍കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഇതില്‍ അഞ്ച് ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ സ്ഥിരമായി നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പ്രവാസിക്കോ അല്ലെങ്കില്‍ അവരുടെ അവകാശിക്കോ നിക്ഷേപത്തിന് അനുസൃതമായ തുക ഓരോ മാസവും ലഭിക്കുന്നതാണ് ഈ പദ്ധതി.

പ്രവാസി വെല്‍ഫെയര്‍ ഫണ്ടിന് ഒന്‍പത് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നോര്‍ക്കയുടെ ഉടമസ്ഥതയില്‍ മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ മാതൃകാ ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്ന പ്രവാസി മലയാളികള്‍ക്ക് ഇവിടുത്തെ സേവനങ്ങളില്‍ മുന്‍ഗണന നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. മാവേലിക്കരയിലുള്ള കേന്ദ്രത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഭാവിയില്‍ ഇത്തരം ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ധനകാര്യ മന്ത്രി പറ‍ഞ്ഞു.

click me!