യുഎഇയില്‍ ഇനി പതിനായിരത്തില്‍ താഴെ കൊവിഡ് രോഗികള്‍ മാത്രം

By Web TeamFirst Published Jul 10, 2020, 11:05 PM IST
Highlights

യുഎഇയില്‍ കൊവിഡ് ബാധിച്ച 81.32 ശതമാനം പേരും രോഗമുക്തരായി. ഇക്കാര്യത്തില്‍ ആഗോള ശരാശരി 58.17 ശതമാനമാണ്. നിലവില്‍ 40 ലക്ഷത്തിലേറെ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞു. 

അബുദാബി: യുഎഇയില്‍ 70 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തി. നിലവില്‍ 9751 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിനുമുമ്പ് ഏപ്രില്‍ 30നായിരുന്നു കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയുണ്ടായിരുന്നത്. രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയും ചികിത്സയുമാണ് കൊവിഡിനെതിരായ അതിജീവന വഴിയില്‍ യുഎഇയെ മുന്നോട്ട് നയിക്കുന്നത്.

യുഎഇയില്‍ കൊവിഡ് ബാധിച്ച 81.32 ശതമാനം പേരും ഇതിനോടകം രോഗമുക്തരായി. രോഗ മുക്തിനേടുന്നവരുടെ ആഗോള ശരാശരി 58.17 ശതമാനമാണ്. നിലവില്‍ 40 ലക്ഷത്തിലേറെ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെ 20 ലക്ഷം പരിശോധനകള്‍ കൂടി നടത്താനാണ് ലക്ഷ്യമിടുന്നത്. അതോടെ ആകെ പരിശോധനകളുടെ എണ്ണം 60 ലക്ഷത്തിലധികമാവും.

രാജ്യത്ത് ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 54,050 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 43,969 പേരും രോഗമുക്തരായി. 330 പേര്‍ മരണപ്പെടുകയും ചെയ്തു. 9751 പേരാണ് ഇപ്പോള്‍ രോഗബാധിരായി ചികിത്സയിലുള്ളത്. വെള്ളിയാഴ്ച 473 പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയിരുന്നു. രാജ്യവ്യാപകമായി 47,000 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും രോഗികളെ കണ്ടെത്താനായത്. രണ്ട് പേര്‍ ഇന്ന് മരണപ്പെടുകയും ചെയ്തു. 399 പേരാണ് ഇന്ന് രോഗമുക്തരായത്. 

click me!