നേഴ്സ് ഒഴിവ്; സ്ഥിരനിയമനം നിര്‍ത്താന്‍ കുവൈത്ത്

By Web TeamFirst Published May 12, 2019, 12:21 AM IST
Highlights

ഒഴിവ് വരുന്ന ആയിരക്കണക്കിന് തസ്തികകളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് വലിയ സാധ്യതകളാണ് കുവൈത്തില്‍ തുറന്നുകിടക്കുന്നത്.
 

കുവൈത്ത്: കുവൈത്ത് ആരോഗ്യ മന്ത്രാലയം നഴ്സുമാരുടെ സ്ഥിര നിയമനം നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്ന കാര്യമാണ് മന്ത്രാലയം പരിഗണിക്കുന്നത്. തീരുമാനം നടപ്പിലാക്കിയാല്‍ ഏറ്റും അധികം ബാധിക്കുക കേരളത്തിൽ നിന്നുള്ള നേഴ്സുമാരെയായിരിക്കും.

കുവൈത്തിലെ വിദേശി നഴ്സുമാരിൽ ഏറിയ പങ്കും നാലോ അഞ്ചോ വർഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറിപ്പോകുന്നതാണ് അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നത്. കുവൈത്തിലെ സേവനം പരിശീലനകാലമായി പ്രയോജനപ്പെടുത്താനാണ് വിദേശി നഴ്സുമാർ ശ്രമിക്കുന്നതെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. 

കരാർ നിയമനമായാൽ സേവനാനന്തര ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ലെന്നതാണ് അധികൃതർ കാണുന്ന നേട്ടം. ജാബിർ ആശുപത്രി ഉൾപ്പെടെ അടുത്തിടെ തുറന്നതും ഇപ്പോൾ നിർമാണവും നവീകരണവും നടക്കുന്നതുമായ ആശുപത്രികളിലേക്ക് നിരവധി നഴ്സുമാരെ ആവശ്യമാണ്. 

സബാഹ് ആശുപത്രി നവീകരണം ജൂലൈയിലും അദാൻ ആശുപത്രി വികസനം 2020 ഏപ്രിലിലും പൂർത്തിയാവും. ഇൻഷുറൻസ് ആശുപത്രിയും 2020 ൽ പൂർത്തിയാവുമെന്നാണ് കരുതുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിരവധി ക്ലിനിക്കുകളും വരുന്നുണ്ട്. ഇവിടേക്ക് ഒഴിവ് വരുന്ന ആയിരക്കണക്കിന് തസ്തികകളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് വലിയ സാധ്യതകളാണ് കുവൈത്തില്‍ തുറന്നുകിടക്കുന്നത്.
 

click me!