കൊവിഡ് 19: പ്രതിദിനം വൈറസ് കേസുകൾ 500 ആയി ഉയരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി

By Web TeamFirst Published Apr 16, 2020, 6:00 PM IST
Highlights
ഒമാനിൽ ഇന്ന് 109 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 97 പേരും വിദേശികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1019 ആയി. 
മസ്കറ്റ്: ഏപ്രിൽ 20 മുതൽ 30 വരയുള്ള ദിവസങ്ങളിൽ പ്രതിദിനം 500 കൊവിഡ്19 കേസുകൾ ഒമാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ് അൽ സൈദി. ഒമാൻ സുപ്രീം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വൈറസ് ബാധിച്ച ഒരു രോഗിക്ക് പ്രതിദിനം ആയിരം ഒമാനി റിയാൽ   ചെലവാകുന്നുണ്ടെന്നും എല്ലാ പ്രായക്കാരെയും രോഗം പിടിപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഏഴു രോഗികൾ ഉൾപ്പെടെ വൈറസ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിൽ 23 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സുൽത്താനേറ്റ് ഓഫ് ഒമാന്റെ വിലായത്തുകളിൽ നിന്നും ഇതിനകം കൊവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. 

12 കൊവിഡ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തെക്കൻ ഷർക്ക്യയിലെ 'ജലാൻ ബാനി ബൂ അലി' വിലായത്ത് അടച്ചിടുവാൻ ഉത്തരവിട്ടത്. ഒമാനിൽ ഇന്ന് 109 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 97 പേരും വിദേശികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1019 ആയി. അതിൽ 636 പേർവിദേശികളും 384  പേർ ഒമാൻ സ്വദേശികളുമാണ്. 176 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് മുഹമ്മദ് പറഞ്ഞു.
click me!