കൊവിഡ് 19: ഒമാന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

By Web TeamFirst Published Jul 24, 2020, 12:01 AM IST
Highlights

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മൊഹമ്മദ് ഉബൈദ് അൽ സൈദി പറഞ്ഞു

മസ്കറ്റ്: കർശന നിയന്ത്രണങ്ങളോട് കൂടി ഒമാൻ വീണ്ടും ലോക്ക്ഡൗണിലേക്കെന്ന് ഒമാൻ സുപ്രിംകമ്മറ്റി. പ്രത്യേക അനുമതിയോടു കൂടി താമസ വിസയുള്ളവർക്കു ഒമാനിലേക്ക് തിരികെ വരാമെന്നും ഒമാൻ ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മൊഹമ്മദ് ഉബൈദ് അൽ സൈദി പറഞ്ഞു.

ജൂലൈ 25 മുതൽ ഓഗസ്റ്റ് എട്ട് വരെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഒമാൻ സുപ്രിം കമ്മറ്റിയുടെ പതിമൂന്നാമത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലോക്ക്ഡൗണ്‍ സമയം രാത്രി ഏഴുമുതൽ പുലർച്ചെ ആറുമണി വരെ ആയിരിക്കും. പൂർണ്ണമായും സഞ്ചാര വിലക്ക് ഉണ്ടാകുമെന്ന് പൊലീസ് ഓപ്പറേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ സൈദ് അൽ ആസ്മി പറഞ്ഞു.

കാൽനടയാത്ര പോലും ഈ സമയത്ത് സമയം അനുവദിക്കില്ല. ലോക്ക്ഡൗണ്‍ നിയമങ്ങൾ ലംഘിക്കുന്നവർക്ക് നൂറ് ഒമാനി റിയൽ പിഴ ചുമത്തുകയും ചെയ്യും. സ്ഥിര താമസ വിസയുള്ളവർക്കു ഒമാനിലേക്ക് മടങ്ങി വരാമെന്നും വാർത്താസമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹമ്മദ് മുഹമദ് അൽ ഫുത്തേസി പറഞ്ഞു. 

ഇതിന് ജോലി ചെയ്യുന്ന കമ്പനി മുഖേനയോ വിമാന കമ്പനികൾ വഴിയോ ഒമാൻ വിദേശ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കുന്നവർക്ക് രാജ്യത്ത് തിരിച്ചെത്താമെന്നും മന്ത്രി അഹമ്മദ് മൊഹമ്മദ് അറിയിച്ചു. ഒമാനിലേക്ക് വരുന്നവർക്ക് 14 ദിവസത്തേക്ക് ക്വാറന്‍റൈന്‍ നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാലയളവിൽ രാജ്യത്തെ ഫാക്ടറികൾ പകൽ സമയത്ത് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ഒമാൻ വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി എഞ്ചിനീയർ അഹമ്മദ് അൽ ദീബും വ്യക്തമാക്കി.

click me!