ഒമാനിലും ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസെന്ന് സംശയം; നാല് പേര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Dec 22, 2020, 4:57 PM IST
Highlights

ബ്രിട്ടനില്‍ നിന്നെത്തിയ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസാണോ ബാധിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്‍മദ് അല്‍ സൈദി പറഞ്ഞു.

മസ്‍കത്ത്: ഒമാനില്‍ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധയേറ്റതായി സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.കെയില്‍ നിന്നെത്തിയ ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.

ബ്രിട്ടനില്‍ നിന്നെത്തിയ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസാണോ ബാധിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്‍മദ് അല്‍ സൈദി പറഞ്ഞു. ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. പരിശോധനാഫലങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെയുണ്ടായിരുന്ന കൊവിഡ് വൈറസിനേക്കാള്‍ 70 ശതമാനത്തോളം വേഗത്തില്‍ വ്യാപിക്കുന്ന തരത്തില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് യു.കെയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒമാന്‍ അതിര്‍ത്തികള്‍ അടയ്‍ക്കുകയും വിമാന സര്‍വീസുകള്‍ ഒരാഴ്‍ചത്തേക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്‍തിരുന്നു. അതേസമയം രാജ്യത്ത് ഇപ്പോള്‍ നല്‍കുന്ന കൊവിഡ് വാക്സിന്‍ പുതിയ തരത്തില്‍പെട്ട വൈറസിനെതിരെയും ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു.

click me!