ഒമാനിലെ വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി

By Web TeamFirst Published Jun 4, 2020, 10:38 PM IST
Highlights

നിലവിൽ രാജ്യത്തിനു പുറത്തുള്ള സ്ഥിരതാമസക്കാരായ  വിദേശികൾക്ക് ഒമാനിലേക്ക് മടങ്ങി വരുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

മസ്‍കത്ത്: മത്രാ വിലായത്തിലെ ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കുമെന്ന് ഒമാൻ സുപ്രിം കമ്മറ്റി അറിയിച്ചു. അതേസമയം രാജ്യത്തെ വിമാനത്തവാളങ്ങൾ ഉടൻ തുറക്കാൻ ആലോചനയുണ്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രി  ഡോ. അഹമ്മദ് മുഹമ്മദ്  ഒബൈദ് അൽ സൈദി പറഞ്ഞു. കൊവിഡ് രോഗം ബാധിച്ച പ്രവാസികൾക്ക് രാജ്യത്ത് ചികിത്സയും പരിശോധനയും സൗജന്യമാണെന്നും അദ്ദേഹം അറിയിച്ചു.

ജൂൺ 6, ശനിയാഴ്ച മുതൽ മത്രാ വിലായത്തിലെ ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി  ഡോ. അഹമ്മദ്  മുഹമ്മദ് ഒബൈദ് അൽ സൈദി പറഞ്ഞു. ഹമരിയ, പഴയ മത്ര സൂഖ് പരിസരം എന്നിവിടങ്ങളിലെ ഹെല്‍ത്ത് ഐസൊലേഷന്‍ നടപടികൾ തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒമാൻ സുപ്രിം കമ്മറ്റി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ രൂപീകരിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് പരിശോധനകൾ സജ്ജീകരിക്കും. നിലവിൽ രാജ്യത്തിനു പുറത്തുള്ള സ്ഥിരതാമസക്കാരായ  വിദേശികൾക്ക് ഒമാനിലേക്ക് മടങ്ങി വരുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത്  താമസിച്ചുവരുന്ന പ്രവാസികൾക്ക് കൊവിഡ് ചികിത്സയും പരിശോധനയും സൗജന്യമാണെന്നും, എല്ലാ ചിലവുകളും ഇൻഷുറൻസ് കമ്പനികൾ, സ്‌പോൺസർമാർ, സർക്കാർ എന്നിവ മുഖേന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

click me!