ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

By Web TeamFirst Published Jan 19, 2019, 11:41 AM IST
Highlights

രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ക്ക് പ്രയോജനപ്പെടുത്ത പദ്ധതിയാണ് കുവൈറ്റ് നടപ്പാക്കുന്നത്. ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‍ലോഡ് ചെയ്താല്‍ ഓഫീസുകളില്‍ പോകാതെ തന്നെ ഇഖാമ പുതുക്കാനാവും. 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് മറ്റ് രംഗങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്കും ഓണ്‍ലൈനായി ഇഖാമ പുതുക്കാന്‍ കഴിയും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ക്ക് പ്രയോജനപ്പെടുത്ത പദ്ധതിയാണ് കുവൈറ്റ് നടപ്പാക്കുന്നത്. ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‍ലോഡ് ചെയ്താല്‍ ഓഫീസുകളില്‍ പോകാതെ തന്നെ ഇഖാമ പുതുക്കാനാവും. ഏപ്രില്‍ മുതല്‍ ഇത് നടപ്പാക്കി തുടങ്ങാനാവുമെന്ന് നേരത്തെ തന്നെ മാന്‍പവര്‍ അതോരിറ്റി അറിയിച്ചിരുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്കാവും ഇതിന്റെ പ്രയോജനം ആദ്യം ലഭിക്കുക. ആരോഗ്യ മന്ത്രാലയം, കുറ്റാന്വേഷണ വിഭാഗം, ഇഖാമ കാര്യാലയം എന്നിവയെ ബന്ധിപ്പിച്ച് പ്രത്യേകം സോഫ്റ്റ്‍വെയറ്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ആയാസ രഹിതമായി സേവനങ്ങള്‍ ലഭ്യമാവുന്നതിന് പുറമെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും സമയനഷ്ടം കുറയ്ക്കാനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

click me!