
റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസകളിലെത്തുന്നവർക്കും ആശ്രിത വിസയിലുള്ളവർക്കും ഇനി മുതൽ സൗദി (പാസ്പോർട്ട് ഡയറക്ടറേറ്റ്) ജവാസത്തിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷീറി’ന്റെ സേവനം ലഭ്യമാകും. വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കോവിഡ് സാഹചര്യത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ സന്ദർശകർക്കും ഇതോടെ വേഗത്തിൽ ലഭ്യമാകും.
ഇനി മുതൽ സൗദിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും അബ്ഷീർ സേവനം ലഭ്യമാകുമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. നിലവിൽ സൗദി പൗരന്മാർക്കും ഇഖാമയുള്ള വിദേശികൾക്കും മാത്രമാണ് അബ്ഷീറിൽ അക്കൗണ്ട് തുറക്കാൻ കഴിയുകയുമായിരുന്നുള്ളൂ. വ്യക്തിയുടെ കൂടെ ഫാമിലി വിസയിലുള്ള ആശ്രിതരായ ഭാര്യ, മക്കൾ, രക്ഷിതാക്കൾ തുടങ്ങി ഓരോരുത്തർക്കും ഇനി അക്കൗണ്ട് തുറക്കാം.
എല്ലാ വിധ സന്ദർശക വിസയിൽ എത്തുന്നവർക്കും ഇനി മുതൽ അബ്ഷീറിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി വിവിധ മാളുകളിലും മറ്റുമായി സജ്ജീകരിച്ചിരിക്കുന്ന സെൽഫ് സർവിസ് മെഷീനോ ജവാസത്ത് ഓഫീസുകളോ ഉപയോഗപ്പെടുത്താം. ഇഖാമ നമ്പറിന് പകരമായി എയർപോർട്ട് എമിഗ്രേഷനിൽ നിന്നും ലഭിക്കുന്ന ബോർഡർ നമ്പർ ചേർത്താൽ മതി. ഇതോടൊപ്പം ഫോൺ നമ്പർ കൂടി ചേർത്താൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. സർക്കാരിന്റെ വിവിധ സേവനങ്ങൾക്കൊപ്പം ആരോഗ്യ സേവനങ്ങളിലേക്കും ഇതുപയോഗപ്പെടുത്താം. ഒപ്പം സന്ദർശന വിസയുടെ രേഖകളെല്ലാം ഡിജിറ്റൽ രേഖയായി ഫോണിൽ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam