Latest Videos

നാട്ടിലേക്ക് പോകാനാളില്ല; വന്ദേ ഭാരത് ദൗത്യത്തില്‍ മടങ്ങിയത് രജിസ്റ്റര്‍ ചെയ്തതില്‍ പകുതിപ്പേര്‍ മാത്രം

By Web TeamFirst Published Aug 3, 2020, 10:55 PM IST
Highlights

രജിസ്റ്റര്‍ ചെയ്ത പലരെയും കോണ്‍സുലേറ്റില്‍നിന്നും നിരന്തരം ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും നാട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് പ്രതികരണം.

അബുദാബി: വന്ദേഭാരത് ദൗത്യത്തിലൂടെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികള്‍. രജിസ്റ്റര്‍ ചെയ്തതിന്റെ പകുതി യാത്രക്കാര്‍ മാത്രമാണ് നാട്ടിലെത്തിയതെന്നും മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ വന്ദേഭാരത് വിമാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് യുഎഇയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷത്തിലേറെ പ്രവാസികള്‍. ഇതില്‍ 2,75,000 പേരാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങിയത്. രജിസ്റ്റര്‍ ചെയ്ത പലരെയും കോണ്‍സുലേറ്റില്‍നിന്നും നിരന്തരം ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും നാട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് പ്രതികരണം. യുഎഇയില്‍ കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതും നാട്ടില്‍ 28 ദിവസം ക്വാറന്‍റീനില്‍ കഴിയേണ്ടി വരുന്നതുമാണ് പ്രവാസികളെ യാത്രയില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നത്.

താല്‍പര്യമുള്ള ചിലര്‍ക്ക് പ്രവാസികള്‍ക്കായി നാട്ടില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെ കുറിച്ച് അറിവില്ലെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഈമാസം 15 വരെ 90ഓളം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പോകുന്നുണ്ട്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഇപ്പോഴും സീറ്റുകള്‍ ബുക്ക് ചെയ്യാതെയുണ്ട്. കേരളം, ഡല്‍ഹി, ഗയ, വാരാണസി, അമൃത്സര്‍, ജയ്പൂര്‍, ഹൈദരാബാദ്, ട്രിച്ചി, ചെന്നൈ, മുംബൈ, അഹ്മദാബാദ്, ബംഗളൂരു, മംഗളൂരു, ലഖ്‌നോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 16 മുതല്‍ 31 വരെ ഇനിയും വിമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍നിന്ന് യു.എ.ഇ എയര്‍ലൈന്‍സുകളും സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ലൈനിന്‍റെ വെബ്‌സൈറ്റുകളില്‍ നിന്നും ട്രാവല്‍ ഏജന്‍സികളില്‍നിന്നും ടിക്കറ്റ് ലഭിക്കും. ഈ മാസം 10ന് ശേഷം വിസയില്ലാതെ യു.എ.ഇയില്‍ തങ്ങുന്നവര്‍ പിഴ അടക്കേണ്ടിവരുമെന്നും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

click me!