
കൊച്ചി: കൊവിഡ് വൈറസിനെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി കൊച്ചിയിലേക്ക് എത്തുന്ന ഐഎൻഎസ് ജലാശ്വയ്ക്ക് ഐക്യദാർഢ്യവുമായി കൂടുതൽ നാവികസേന കപ്പലുകൾ. അഞ്ച് കപ്പലുകളാണ് ജലാശ്വയ്ക്ക് അകമ്പടി നല്‍കുന്നത്. പ്രവാസികളുടെ മടക്കത്തിനുള്ള ദേശീയ ദൗത്യത്തിൽ നാവികസേനയുടെ പ്രതിബദ്ധതയുടെ പ്രതീകമായാണ് അകമ്പടി.
മാലി ദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി എത്തുന്ന നാവിക സേന കപ്പലായ ഐഎൻഎസ് ജലാശ്വ നാളെ രാവിലെ കൊച്ചിയിൽ എത്തും. കപ്പൽ എത്തുന്നതിന് മുന്നോടിയായി കൊച്ചി പോർട്ടിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. പത്ത് എമിഗ്രേഷൻ കൗണ്ടറുകളാണ് യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിന് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിന് സമാനമായ രീതിയിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ ഉണ്ടാകും.
മൂന്ന് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 440 മലയാളികളും, 156 തമിഴ് നാട് സ്വദേശികളും 698 അംഗ സംഘത്തിലുണ്ട്. ഇവരിൽ 19 ഗർഭിണികളും 14 കുട്ടികളുമാണ്. ഇതര സംസ്ഥാനങ്ങളിലുള്ളവരെ സംസ്ഥാനത്ത് തന്നെ ക്വാറന്‍റൈൻ ചെയ്യാനാണ് അധികൃതരുടെ ശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ