എക്‌സ്‌പോയില്‍ സന്ദര്‍ശക പ്രവാഹം; 10 ദിവസത്തിനിടെ എത്തിയത് നാലുലക്ഷത്തിലേറെ സന്ദര്‍ശകര്‍

By Web TeamFirst Published Oct 12, 2021, 12:20 PM IST
Highlights

സന്ദര്‍ശകരില്‍ മൂന്നിലൊന്ന് യുഎഇയ്ക്ക് പുറത്തു നിന്ന് എത്തിച്ചേര്‍ന്നവരാണ്. മേളയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ എക്്‌സ്‌പോ വെര്‍ച്വലില്‍ 30 ലക്ഷം ആളുകള്‍ ഉദ്ഘാടന ചടങ്ങ് തത്സമയം കണ്ടു.

ദുബൈ: ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) സന്ദര്‍ശക പ്രവാഹം. സെപ്തംബര്‍ 30ന് നടന്ന ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം 10 ദിവസത്തില്‍ എക്‌സ്‌പോ സന്ദര്‍ശിച്ചത് നാലു ലക്ഷത്തിലധികം സന്ദര്‍ശകര്‍(visitors). എക്‌സ്‌പോ വേദിയുടെ പ്രവര്‍ത്തകര്‍, പ്രദര്‍ശകര്‍, പ്രതിനിധികള്‍ എന്നിവരെ കൂട്ടാതെയുള്ള കണക്കാണിത്. 

ഞായറാഴ്ച വരെ എക്‌സ്‌പോ സന്ദര്‍ശിച്ചവരുടെ ആകെ എണ്ണം  411,768 ആയി. ഇതില്‍ 175 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. സന്ദര്‍ശകരില്‍ മൂന്നിലൊന്ന് യുഎഇയ്ക്ക് പുറത്തു നിന്ന് എത്തിച്ചേര്‍ന്നവരാണ്. മേളയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ എക്്‌സ്‌പോ വെര്‍ച്വലില്‍ 30 ലക്ഷം ആളുകള്‍ ഉദ്ഘാടന ചടങ്ങ് തത്സമയം കണ്ടു. തിങ്കളാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സന്ദര്‍ശകരുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടത്. ഇതിനകം സന്ദര്‍ശിച്ചവരില്‍ അഞ്ചിലൊരാള്‍ ഒന്നിലേറെ തവണ എക്‌സ്‌പോയില്‍ വന്നിട്ടുണ്ട്. ഒരു ദിവസം കൊണ്ട് മേളയുടെ 10 ശതമാനം പോലും കണ്ടു തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ പല തവണ എക്‌സ്‌പോയിലേക്ക് വരേണ്ട സാഹചര്യമാണുള്ളത്. 

 ദുബൈ എക്സ്പോ 2020ന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാണ്. സിംഗിള്‍ എന്‍ട്രി ടിക്കറ്റിന് 95 ദിര്‍ഹമാണ് സാധാരണ നിരക്ക്. ആറ് മാസത്തേക്കുള്ള പാസിന് 495 ദിര്‍ഹവും 30 ദിവസത്തേക്കുള്ള പാസിന് 195 ദിര്‍ഹവുമാണ് നിരക്ക്. എന്നാല്‍ ഒക്ടോബര്‍ പാസ് (October Pass) എന്ന് പേരിട്ടിരിക്കുന്ന എന്‍ട്രി ടിക്കറ്റിലൂടെ 31 ദിവസം എക്സ്പോ വേദി സന്ദര്‍ശിക്കാനുള്ള പ്രത്യേക ഓഫറുമുണ്ട്. 95 ദിര്‍ഹമാണ് നിരക്ക്. ഒക്ടോബര്‍ 15 വരെ മാത്രമേ ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയുള്ളൂ. ഒരു ദിവസത്തെ സന്ദര്‍ശന നിരക്കില്‍ ഒരു മാസത്തേക്കുള്ള പാസാണ് ലഭിക്കുന്നത്.

click me!