
ദുബായ്: ദുബായ് മാളില്‍ നിന്ന് കൊറോണ വൈറസ് ബാധിതനായ രോഗിയെ പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് അധികൃതര്‍. രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ദുബായ് മാളില്‍ നിന്നുള്ളതല്ലെന്ന് എമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു.
മാസ്‍കും സുരക്ഷാ വസ്ത്രങ്ങളും ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഒരാളെ സ്ട്രച്ചറില്‍ കൊണ്ടുപോകുന്ന ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. ഇത് എവിടെയാണെന്ന് ചിത്രത്തില്‍ വ്യക്തമല്ല. എന്നാല്‍ ദുബായ് മാളില്‍ നിന്ന് കോറോണ വൈറസ് ബാധിതനായ രോഗിയെ കൊണ്ടുപോകുന്നുവെന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. എന്നാല്‍ ഇത് ദുബായ് മാളോ എമാര്‍ ഗ്രൂപ്പിന് കീഴിലുള്ള മറ്റേതെങ്കിലും സ്ഥാപനമോ അല്ലെന്ന് എമാര്‍ വക്താവ് അറിയിച്ചു.
യുഎഇയിലെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എമാര്‍ പരിശോധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും മറ്റ് അധികൃതരം നിര്‍ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും എമാര്‍ വക്താവ് അറിയിച്ചു. ഷോപ്പിങ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകളെ തെര്‍മല്‍ സ്കാനിങിന് വിധേയമാക്കുന്നതായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം വാര്‍ത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. യുഎഇയിലെ വിമാനത്താവളങ്ങളില്‍ മാത്രമാണ് നിലവില്‍ തെര്‍മല്‍ സ്കാനിങ് നടത്തിവരുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam