പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേക്ക്; വോട്ടുറപ്പിക്കാന്‍ മലയാളി സംഘടനകള്‍

By Web TeamFirst Published Apr 17, 2019, 1:06 AM IST
Highlights

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി എൺപതിനായിരത്തിലേറെ പ്രവാസി മലയാളികള്‍ക്കാണ് വോട്ടവകാശമുള്ളത്. പ്രവാസികൾക്ക് മുക്ത്യാർ വോട്ടവകാശം കിട്ടിയേക്കുമെന്ന പ്രതീക്ഷയില്‍ ആയിരങ്ങളാണ് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തത്

ദുബായ്: ഗൾഫ് നാടുകളിൽ നിന്ന് പ്രവാസി വോട്ടർമാരുടെ യാത്ര തുടങ്ങി. പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് വിവിധ മലയാളി സംഘടനകള്‍.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി എൺപതിനായിരത്തിലേറെ പ്രവാസി മലയാളികള്‍ക്കാണ് വോട്ടവകാശമുള്ളത്. പ്രവാസികൾക്ക് മുക്ത്യാർ വോട്ടവകാശം കിട്ടിയേക്കുമെന്ന പ്രതീക്ഷയില്‍ ആയിരങ്ങൾ ഇക്കുറി പുതുതായി വോട്ടർ പട്ടികയിൽ പേരുചേർത്തസാഹചര്യത്തില്‍ ആ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. കൂട്ടായ്മകളും കുടുംബസംഗമവും വിളിച്ചുചേര്‍ത്ത് നാട്ടിലെ പ്രചാരണത്തിനു സമാനമായ അന്തരീക്ഷമാണ് ഇവിടങ്ങളിലുമുള്ളത്.

പ്രവാസി വോട്ടർമാരെ ചേർക്കാൻ ഗൾഫ് നാടുകളിലെ വിവിധ സംഘടനകളാണ് മുൻകൈ എടുത്തത്. അവർതന്നെയാണ് ഉറപ്പുള്ള വോട്ടർമാരെ മണ്ഡലത്തിലെത്തിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. സൗജന്യമായും വലിയ ഇളവോടെയുമാണ് വിവിധ സംഘടനകൾ വിമാനടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്.

വോട്ടവകാശമുള്ള പ്രവാസികളിൽതന്നെ വലിയൊരു ഭാഗം മലബാറുകാരാണ്. മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായ കെ എം സി സി യാണ് വോട്ടർമാരെ കണ്ടെത്തി അയയ്ക്കുന്നതിൽ മുന്നിൽ. ഇടതുപക്ഷത്തിന്റെയും ബി ജെ പിയുടെയും അനുഭാവികളും വോട്ടർമാരെ നാട്ടിലേക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ മണ്ഡലങ്ങളിലുള്ള വോട്ടർമാരെ തെരഞ്ഞുപിടിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

click me!