
കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ സ്വദേശി യുവതി സഹോദരന്റെ വെടിയേറ്റ് മരിച്ചു. ഗര്‍ഭിണിയായ ഫാതിമ അലി അല്‍അജ്മിയാണ് വെടിയേറ്റ് മരിച്ചത്. മൂത്ത സഹോദരന്റെ വെടിയേറ്റ് ഗുരുതാവസ്ഥയില്‍ രണ്ടു ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു മുപ്പതുകാരിയായ ഫാതിമ.
യുവതിയെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മൂത്ത സഹോദരനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിക്ക് നേരെ ഇളയ സഹോദരന്‍ വെടിയുതിര്‍ത്തതെന്ന് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ കൊലപാതകിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും ഇയാളെ തിരിച്ചറിഞ്ഞായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.
കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രം പ്രവേശനമുള്ള ഐസിയുവിലേക്ക് ആയുധധാരിയായ പ്രതി എങ്ങനെ എത്തിയെന്നുള്ളത് കണ്ടെത്താന്‍ അറ്റോര്‍ണി ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി 'അല്‍ ജരീദ' ദിനപ്പത്രത്തെ ഉദ്ധരിച്ചുള്ള 'അറബ് ടൈംസി'ന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം പ്രതിയായ സഹോദരന്‍ പൊലീസില്‍ കീഴടങ്ങിയെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും 'അല്‍' റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തയാളെ ഫാതിമ വിവാഹം കഴിച്ചതാണ് സഹോദരങ്ങളുടെ എതിര്‍പ്പിന് കാരണമായതെന്നും രണ്ട് വര്‍ഷമായി ഫാതിമയെ ഇതിന്റെ പേരില്‍ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായുമാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam