Latest Videos

പ്രവാസികളെക്കുറിച്ച് ഒന്നും മിണ്ടാതെ പ്രധാനമന്ത്രി; കുടിയേറ്റ തൊഴിലാളികളുടെ യാത്രയിലും മൗനം

By Web TeamFirst Published Apr 14, 2020, 11:26 AM IST
Highlights
പ്രവാസികള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനോ വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള മറ്റ് നടപടികളെക്കുറിച്ചോ പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ ഒന്നുമില്ലാതിരുന്നത് നിരാശയോടെയാണ് വിദേശ ഇന്ത്യക്കാര്‍ നോക്കിക്കാണുന്നത്.
ദില്ലി: രാജ്യം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ അഭിസംബോധനയിലും പ്രവാസികള്‍ക്ക് നിരാശ. പ്രവാസികളുടെ മടങ്ങി വരവ്, കുടിയേറ്റ തൊഴിലാളികളുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് എന്നിവ സംബന്ധിച്ച് ഒരു പരാമര്‍ശവും പ്രധാനമന്ത്രി നടത്തിയില്ല. പ്രവാസികള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനോ വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള മറ്റ് നടപടികളെക്കുറിച്ചോ പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ ഒന്നുമില്ലാതിരുന്നത് നിരാശയോടെയാണ് വിദേശ ഇന്ത്യക്കാര്‍ നോക്കിക്കാണുന്നത്.

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയും കേന്ദ്രത്തിന്റെ നിലപാട് ശരിവെച്ചിരുന്നു. എന്നാല്‍ രോഗികള്‍, വയോധികര്‍,  സന്ദര്‍ശക വിസകളിലും ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്കായും ഗള്‍ഫ് രാജ്യങ്ങളിത്തി അവിടെ കുടുങ്ങിപ്പോയവര്‍ എന്നിവരെയെങ്കിലും  പ്രത്യേക വിമാനം അയച്ച് തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുകയാണ്. എല്ലാ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ച് ഇവരെ തിരികെ എത്തിക്കണമെന്നും പരിശോധനയും ക്വാറന്റൈനും അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കാമെന്നും കാണിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന ഇടപെടലുകലുകളെക്കുറിച്ച് പ്രധാനമന്ത്രി ഇന്നത്തെ അഭിസംബോധനയില്‍ സംസാരിക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. അതാണ് അസ്ഥാനത്തായത്. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ തയ്യാറാവാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാപത്രങ്ങളില്‍ നിന്ന് പിന്മാറുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഭാവിയില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കുമെന്നും യുഎഇ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പുറമെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളില്‍ രോഗമില്ലാത്തവരെ തിരികെ കൊണ്ടുവരാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡറും അറിയിച്ചിരുന്നെങ്കിലും ഇതും തത്കാലം സ്വീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം. വിവിധ വിദേശരാജ്യങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ നിന്നടക്കം തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നത് തുടരുകയാണ്.
click me!