ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ സഹായം സൗജന്യമായി എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

By Web TeamFirst Published Apr 29, 2021, 9:43 PM IST
Highlights

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 ടണ്‍ വസ്തുക്കള്‍ ദോഹയില്‍ എത്തിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പിന്നീട് ഇത് കാര്‍ഗോ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെത്തിക്കും.

ദോഹ: ആഗോള വിതരണക്കാരില്‍ നിന്ന് മെഡിക്കല്‍ സഹായവും ഉപകരണങ്ങളും സൗജന്യമായി ഇന്ത്യയിലെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്. ആഗോള വിതരണക്കാരില്‍ നിന്നും ഇന്ത്യയ്ക്കുള്ള 300 ടണ്‍ മെഡിക്കല്‍ സഹായങ്ങളും ഉപകരണങ്ങളും ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്ന് കാര്‍ഗോ വിമാനങ്ങളിലായി ഇന്ത്യയിലെത്തിക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 ടണ്‍ വസ്തുക്കള്‍ ദോഹയില്‍ എത്തിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പിന്നീട് ഇത് കാര്‍ഗോ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെത്തിക്കും. പിപിഇ കിറ്റ്, ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍, മറ്റ് അത്യാവശ്യ മെഡിക്കല്‍ വസ്തുക്കള്‍ എന്നിവയാണ് ഇന്ത്യയിലെത്തിക്കുക. വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ഇന്ത്യയുമായി തങ്ങള്‍ക്ക് ദീര്‍ഘകാലത്തെ സവിശേഷ ബന്ധമാണുള്ളതെന്നും കൊവിഡ് മൂലം രാജ്യം നേരിടുന്ന വെല്ലുവിളി ദുഃഖത്തോടെയാണ്  നോക്കിക്കാണുന്നതെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. യൂണിസെഫിനായി രണ്ടു കോടി ഡോസ് കൊവിഡ് വാക്‌സിനുകളാണ് ഇതുവരെ ഖത്തര്‍ എയര്‍വേയ്‌സ് വിതരണം ചെയ്തിട്ടുള്ളത്. യൂണിസെഫിന്റെ മാനുഷിക പദ്ധതികളെ സഹായിക്കമെന്ന അഞ്ചുവര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണിത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!