രേഖകളില്ലാത്ത പ്രവാസികള്‍ക്ക് താമസവും ജോലിയും നിയമ വിധേയമാക്കാന്‍ ഞായറാഴ്‍ച മുതല്‍ പ്രത്യേക അവസരം

By Web TeamFirst Published Oct 7, 2021, 4:20 PM IST
Highlights

താമസ നിയമങ്ങള്‍, തൊഴില്‍ വിസാ നിയമങ്ങള്‍, ഫാമിലി വിസ നിയമങ്ങള്‍ എന്നിവയൊക്കെ ലംഘിച്ചിട്ടുള്ള പ്രവാസികള്‍ക്ക് നിയമലംഘനങ്ങള്‍ ഒഴിവാക്കി രേഖകള്‍ നിയമവിധേയമാക്കാന്‍ ഈ അവസരം ഉപയോഗിക്കാനാവും.

ദോഹ: ഖത്തറില്‍ രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികള്‍ക്ക് അവ ശരിയാക്കി താമസവും ജോലിയും നിയമവിധേയമാക്കാന്‍ അവസരം. ഒക്ടോബര്‍ 10 ഞായറാഴ്‍ച മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഗ്രേസ് പീരിഡാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ നിയമങ്ങള്‍, തൊഴില്‍ വിസാ നിയമങ്ങള്‍, ഫാമിലി വിസ നിയമങ്ങള്‍ എന്നിവയൊക്കെ ലംഘിച്ചിട്ടുള്ള പ്രവാസികള്‍ക്ക് നിയമലംഘനങ്ങള്‍ ഒഴിവാക്കി രേഖകള്‍ നിയമവിധേയമാക്കാന്‍ ഈ അവസരം ഉപയോഗിക്കാനാവും. ഇങ്ങനെ നിയമനടപടികള്‍ ഒഴിവാവുകയും ചെയ്യാം. ഉച്ചയ്‍ക്ക് ശേഷം ഒരു മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഇതിനായി അപേക്ഷ നല്‍കാനാവുക.

നിയമ ലംഘകരായ പ്രവാസികള്‍ക്കോ അല്ലെങ്കില്‍ അവരുടെ തൊഴിലുടമകള്‍ക്കോ സ്‍പോണ്‍സര്‍ ചെയ്‍തവര്‍ക്കോ തുടര്‍ നടപടികള്‍ക്കായി സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കാം. ഉമ്മു സലാല്‍, ഉമ്മു സുനൈം, മിസൈമീര്‍, അല്‍ വക്റ, അല്‍ റയ്യാന്‍ എന്നീ സര്‍വീസ് സെന്ററുകളില്‍ അപേക്ഷ നല്‍കാനാവും. പ്രവാസികളുടെ പ്രവേശനം, തിരിച്ചുപോക്ക്, താമസം എന്നിവ സംബന്ധിച്ച 2015ലെ നിയമത്തിലെ 21-ാം വകുപ്പ് അനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

click me!