
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. യുഎഇയിൽ ഓഗസ്റ്റ് 6 വരെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കിഴക്ക് നിന്നുള്ള ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർമേഘ രൂപപ്പെടാനും തുടർന്ന് മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഫുജൈറയിലെ മസാഫിയിൽ ശക്തമായ മഴ പെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വേനൽക്കാലത്ത് അനുഭവപ്പെടുന്ന ഈ അപൂർവ്വ മഴയ്ക്ക് കാരണം ശക്തമായ 'എൽ നിനോ' പ്രതിഭാസമാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഓഗസ്റ്റ് 1ന് അബുദാബിയിലെ അൽ ശവാമെഖിൽ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ കടുത്ത ചൂടിനിടയിലാണ് ഈ മഴ മുന്നറിയിപ്പ്.
സൗദി അറേബ്യയിലെ അസീർ, ജാസാൻ, അൽ ബഹ, മക്കയിലെ മലയോര മേഖലകൾ, നജ്റാൻ എന്നിവിടങ്ങളിൽ വാരന്ത്യം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഔദ്യോഗിക ആപ്പുകൾ വഴി സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഒമാൻ ഹജർ പർവ്വതനിരകളിൽ കനത്ത ഇടിമിന്നലോട് കൂടിയ മഴ തുടരും. വടക്കൻ അൽ ശർഖിയ, തെക്കൻ അൽ ശർഖിയ, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിലേക്ക് മഴമേഘങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam