പുണ്യമാസത്തിന്റെ നിറവില്‍ ഗള്‍ഫ് നാടുകള്‍; ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതാരംഭം

By Web TeamFirst Published Apr 13, 2021, 8:52 AM IST
Highlights

 ഒമാനില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബുധനാഴ്‍ചയായിരിക്കും റമദാന്‍ തുടങ്ങുന്നതെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. 

റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം ഇന്ന്. യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. ഒമാനില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബുധനാഴ്‍ചയായിരിക്കും റമദാന്‍ തുടങ്ങുന്നതെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. തിങ്കളാഴ്‍ച രാജ്യത്ത്  മാസപ്പിറവി കാണാൻ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാൻ വ്രതാരംഭം ബുധനാഴ്‌ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. ഖത്തര്‍ ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്‍സ് മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്ര നിരീക്ഷണ കമ്മിറ്റിയും കുവൈത്ത് ശരീഅ വിഷന്‍ ബോര്‍ഡും ചൊവ്വാഴ്‍ച റമദാന്‍ ആരംഭം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‍ചയായിരിക്കും റമദാനിലെ ആദ്യദിനമെന്ന് യുഎഇ ചന്ദ്ര നിരീക്ഷണ കമ്മിറ്റി പ്രഖ്യാപിച്ചു. 

റമദാനോടനുബന്ധിച്ച് വിവിധ രാജ്യങ്ങള്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  സൗദി അറേബ്യയിലെ എല്ലാ പള്ളികളിലും തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ പരമാവധി 30 മിനിറ്റായിരിക്കണമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും പള്ളി ഇമാമുകൾക്കും മതകാര്യ മന്ത്രാലയ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആൽ ശൈഖ് ഞായറാഴ്ച അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. 

കൊവിഡ് പടരാതിരിക്കാനാവശ്യമായ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ  പഠനം നടത്തുന്ന സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തറാവീഹ്, ഖിയാമുലൈൽ നമസ്‍കാരങ്ങൾ ഇശാഅ് നമസ്‍കാരം കഴിഞ്ഞയുടന്‍ നിര്‍വഹിക്കാനും നിർദേശമുണ്ട്​. ആളുകൾ പള്ളികളിൽ കൂടുതൽ സമയം നമസ്‍കാരവേളയിൽ കഴിയുന്നത്​ കൊവിഡ്​ വ്യാപനം കൂടാൻ ഇടയാക്കും​. പള്ളികളിലെ സമയം കുറക്കാനുള്ള തീരുമാനം കൊവിഡ്​ ബാധ കുറക്കാൻ സഹായിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ്​ ഇങ്ങനെയൊരു തീരുമാനമെടുത്തത്​. മുഴുവൻ പള്ളികളിലും പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചിരിക്കണം. പള്ളിയിലേക്ക് നമസ്‌കാരത്തിനായി പോകുമ്പോൾ പായകൾ (മുസല്ല) കൂടെ കരുതുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ പള്ളിയിലെ ഉദ്യോഗസ്ഥരോടും പ്രാർത്ഥനക്കെത്തുന്നവരോടും മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ദുബൈയില്‍ റമദാനില്‍ ഇശാ പ്രാര്‍ത്ഥനയ്ക്കായി ബാങ്ക് വിളിച്ചാല്‍ അഞ്ചു മിനിറ്റിനകം ജമാഅത്ത് നമസ്‌കാരം തുടങ്ങണമെന്ന് മതകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഒത്തുചേരലുകളും കുടുംബ കൂട്ടായ്മകളും പാടില്ല. പ്രാര്‍ത്ഥനയ്ക്ക് മുമ്പും ശേഷവും പള്ളിയും പരിസരവും അണുവിമുക്തമാക്കണം. ഇശാ പ്രാര്‍ത്ഥനയും തറാവീഹും ഉള്‍പ്പെടെ അരമണിക്കൂറിനകം നമസ്‌കാരം പൂര്‍ത്തിയാക്കി പള്ളികള്‍ അടയ്ക്കണം. നമസ്‌കാരത്തിനെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. സ്വന്തമായി മുസല്ല കൊണ്ടുവരണം.രു നമസ്‌കാരം അവസാനിച്ച ശേഷം രണ്ടാമത് ജമാഅത്ത് നമസ്‌കാരം അനുവദിക്കില്ല.  മറ്റ് അസുഖങ്ങളോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ പള്ളികളില്‍ വരരുത്. ഭക്ഷണമോ, ഫേസ് മാസ്‌കോ പോലുള്ളവ വിതരണം ചെയ്യരുത്. റമദാനില്‍ അവസാന 10 ദിവസത്തെ ഇഅ്തികാഫ് കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

 

click me!