
ദുബൈ: യുഎഇയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ 06:45 ന് ഷാർജയിലെ അൽ ദൈദിൽ 13.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. രാവിലെ താപനില കുറഞ്ഞതോടെ ഉൾപ്രദേശങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടു. അതേസമയം, പകൽ താപനില ക്രമേണ ഉയരുന്ന സാഹചര്യത്തിൽ അധികൃതരും കാലാവസ്ഥാ വിദഗ്ധരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
അബുദാബിയിലും ദുബൈയുടെ ചില ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ നിർദ്ദേശിച്ചു.
വിവിധ തീവ്രതയിലുള്ള മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. രാവിലെ 10:30 വരെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞും നേരിയ മഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ കാഴ്ചാപരിധി 1,000 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അപകടകരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊലീസ് പല പ്രധാന റോഡുകളിലും വേഗപരിധി കുറച്ചു. താഴെ പറയുന്ന റൂട്ടുകളിൽ വാഹനമോടിക്കുന്നവർ 80 കിലോമീറ്റർ/മണിക്കൂർ വേഗപരിധി പാലിക്കണം:
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് (അൽ ഷഹാമ – അൽ ഫലാഹ്)
നാഹിൽ റോഡ് (ബാദ ബിൻ സൗദ് – നാഹിൽ)
ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് റോഡ് (മസാകിൻ – അൽ ഹിയാർ)
ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ് (ഘന്തൂത്ത് – സായിഹ് അൽ സിദിറ)
അബുദാബി–സ്വൈഹാൻ റോഡ് (അൽ ഫലാഹ് പാലം – സ്വൈഹാൻ റൗണ്ട്എബൗട്ട്)
മുഹമ്മദ് ബിൻ റാഷിദ് റോഡ് (സെയ്ഹ് ഷുഐബ് പാലം – കിസാദ് പാലം)
അൽ ശുഐബ് റോഡ് (അൽ ഖാദർ – അൽ ശുഐബ്)
അൽ ക്വോവ റോഡ് (അൽ ക്വോവ – റാസീൻ)
വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും, ലോ-ബീം ഹെഡ്ലൈറ്റുകൾ ഉപയോഗിക്കാനും, പ്രത്യേകിച്ച് അതിരാവിലെ യാത്ര ചെയ്യുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു. പ്രധാന ഹൈവേകളിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രാ സമയം മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നിയമലംഘനങ്ങളും പിഴകളും
മൂടൽമഞ്ഞുള്ള റോഡുകളിലെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചാൽ കനത്ത പിഴ ചുമത്തും. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും അപകടങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കർശനമായി നിരോധിച്ചിരിട്ടുണ്ട്. ലംഘിച്ചാൽ 1,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയോ ആറ് മാസം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. അടിയന്തര സാഹചര്യങ്ങളിലോ മോശം കാലാവസ്ഥയിലോ ട്രാഫിക്, ആംബുലൻസ് അല്ലെങ്കിൽ രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്.
മൂടൽമഞ്ഞിന്‍റെ സമയത്ത് വേഗപരിധി പാലിക്കാത്തതിനുള്ള പിഴകൾ
നിശ്ചിത പരിധിയിൽ നിന്ന് 20 കി.മീ/മണിക്കൂറിൽ കൂടുതൽ വേഗതയിൽ ഓടിച്ചാൽ: 300 ദിർഹം പിഴ
നിശ്ചിത പരിധിയിൽ നിന്ന് 80 കി.മീ/മണിക്കൂറിൽ കൂടുതൽ വേഗതയിൽ ഓടിച്ചാൽ: 3,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്‍റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ.
അപകട ലൈറ്റുകൾ ഓണാക്കി വാഹനമോടിച്ചാൽ: 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്‍റുകൾ (വാഹനം നിർത്തിയിടുമ്പോഴോ ബ്രേക്ക്ഡൗൺ ആകുമ്പോഴോ മാത്രമേ ഇത് സുരക്ഷിതമാകൂ).
ഇൻഡിക്കേറ്ററുകൾ ഇല്ലാതെ ലെയ്ൻ മാറിയാൽ: 400 ദിർഹം പിഴ (കാഴ്ചാപരിധി കുറഞ്ഞ സാഹചര്യങ്ങളിൽ ഇത് അതീവ അപകടകരമാണ്).
അധികൃതർ വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് വേഗപരിധി മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നത്. മോശം സാഹചര്യങ്ങളിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള പ്രചാരണങ്ങൾ പൊലീസ് തുടരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ