ടാക്‌സിയില്‍ മറന്നുവെച്ച ബാഗ് തിരിച്ചേല്‍പ്പിച്ചു; മലയാളിക്ക് യുഎഇയില്‍ ആദരം

By Web TeamFirst Published Feb 27, 2021, 8:09 PM IST
Highlights

ദുബൈ ടാക്സി കോര്‍പ്പറേഷനിലെ മലയാളി ടാക്‌സി ഡ്രൈവര്‍ ഫിറോസ് ചാരുപടിക്കലാണ് ടാക്‌സിയില്‍ മറന്നുവെച്ച ബാഗ് തിരികെ നല്‍കിയതിന് ആദരവേറ്റു വാങ്ങിയത്.

ദുബൈ: ടാക്‌സിയില്‍ യാത്രക്കാരി മറന്നുവെച്ച വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ച മലയാളിയുടെ സത്യസന്ധതയ്ക്ക് യുഎഇയില്‍ ആദരം. ജോലിയില്‍ സത്യസന്ധതയും ആത്മാര്‍ത്ഥയും പ്രകടിപ്പിച്ച മലയാളിയുള്‍പ്പെടെ നാല് പേരെയാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)ആദരിച്ചത്.

ദുബൈ ടാക്സി കോര്‍പ്പറേഷനിലെ മലയാളി ടാക്‌സി ഡ്രൈവര്‍ ഫിറോസ് ചാരുപടിക്കലാണ് ടാക്‌സിയില്‍ മറന്നുവെച്ച ബാഗ് തിരികെ നല്‍കിയതിന് ആദരവേറ്റു വാങ്ങിയത്. ഫിറോസിന് പുറമെ ബസ് ഡ്രൈവര്‍മാരായ ഹസന്‍ ഖാന്‍, അസീസ് റഹ്മാന്‍, ഹുസൈന്‍ നാസിര്‍ എന്നിവരും ആര്‍ടിഎയുടെ ഉപഹാരവും പ്രശംസാപത്രവും ഏറ്റുവാങ്ങി.

ജോലിയില്‍ ആത്മാര്‍ത്ഥ പുലര്‍ത്തിയ ഇവര്‍ക്ക് ആര്‍ടിഎ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മത്താര്‍ മുഹമ്മദ് അല്‍ തായെര്‍ നന്ദി അറിയിച്ചു. പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന പൊതുഗതാഗത സംവിധാനങ്ങളുടെ വിശ്വാസ്യത വര്‍ധിക്കാന്‍ ഡ്രൈവര്‍മാരുടെ സത്യസന്ധതയും ആത്മാര്‍ത്ഥയും വഴിതെളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!