പ്രവാസികളുടെ യാത്രാവിലക്ക്: പ്രശ്നപരിഹാരത്തിന് ഊർജ്ജിത ശ്രമമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി എസ്. ജയ്‌ശങ്കർ

By Web TeamFirst Published Jul 27, 2021, 5:03 PM IST
Highlights

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വിദേശ രാജ്യങ്ങളിൽ, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് യാത്രാ വിലക്കുകളുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 24 മുതൽ വിവിധ ഗൾഫ് രാജ്യങ്ങൾ യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചിരുന്നു.

ദില്ലി: വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം മാറ്റാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കർ ഉറപ്പ് നൽകി. യാത്രാവിലക്ക് പരിഹരിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ച യു.ഡി.എഫ് എംപിമാരായ ടി.എൻ പ്രതാപൻ, വി.കെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ തുടങ്ങിയവർക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. 

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വിദേശ രാജ്യങ്ങളിൽ, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് യാത്രാ വിലക്കുകളുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 24 മുതൽ വിവിധ ഗൾഫ് രാജ്യങ്ങൾ യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചിരുന്നു. അത് യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ നീട്ടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. പലരുടെയും വിസ കാലാവധി കഴിഞ്ഞു. പലർക്കും ജോലി നഷ്ടമായി. അനേകം കുടുംബങ്ങളാണ് പട്ടിണിയിലേക്ക് പോയത്. ഈ സാഹചര്യം തുടർന്നാൽ അത് രാജ്യത്തിന്റെ സമ്പദ്ഘടനയെയും ബാധിക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്സിനുകൾക്ക് വിദേശ രാജ്യങ്ങളിൽ അംഗീകാരം ഉണ്ടാകാനുള്ള ഇടപെടലുകളും അനിവാര്യമാണ്. വാക്സിനേറ്റ് ചെയ്യപ്പെട്ടവർക്കും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്കും വിദേശ യാത്രകൾക്ക് സൗകര്യമുണ്ടാക്കുന്ന സാഹചര്യം അടിയന്തിരമായി ഉണ്ടാവണം എന്ന് എം.പിമാർ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്നും എം.പിമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

click me!