പൊതുജനാരോഗ്യ രംഗത്ത് കൈകോർത്ത് സൗദി അറേബ്യയും സ്വീഡനും

By Web TeamFirst Published Dec 17, 2019, 4:56 PM IST
Highlights

പൊതുജനാരോഗ്യ രംഗത്ത് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ സൗദി അറേബ്യയും സ്വീഡനും ഉടമ്പടി ഒപ്പുവെച്ചു.

റിയാദ്: പൊതുജനാരോഗ്യ രംഗത്ത് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ സൗദി അറേബ്യയും സ്വീഡനും. രോഗപ്രതിരോധം ഉൾപ്പെടെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കായി സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസിയും സൗദി നാഷനൽ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളും ഉടമ്പടി ഒപ്പുവെച്ചു. സൗദി ഡിസീസ് പ്രിവൻഷൻ സെൻറർ എക്സിക്യുട്ടീവ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽഗിസ്വാനിയും സ്വീഡിഷ് ഏജൻസി മേധാവി ഡോ. ജോഹാൻ കാൾസനുമാണ് കരാറിലൊപ്പിട്ടത്.

പൊതുജനാരോഗ്യവുമായി ബന്ധെപ്പട്ട എല്ലാ മേഖലകളെയും സമഗ്രമായി ഉൾക്കൊള്ളുന്ന സഹകരണ പദ്ധതിയാണ് നടപ്പാക്കുന്നത്. ജീവനക്കാർ, അടിസ്ഥാന ഘടനയുടെ വികസനം, സ്ഥാപനപരമായ നടത്തിപ്പ്, വ്യാവസായിക ആസൂത്രണം, മൈക്രോബയോളജി ലബോറട്ടറികൾ സ്ഥാപിക്കലും നടത്തലും, ആരോഗ്യകാര്യ ആവശ്യങ്ങൾക്കുള്ള സാമ്പത്തികാസൂത്രണങ്ങൾ, പകരാത്ത രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ, ആരോഗ്യപ്രദമായ ജീവിത ശൈലിയെ പ്രോത്സാഹിപ്പികകൽ, പകര്‍ച്ചവ്യാധികളെയും പകരാത്ത രോഗങ്ങളെയും നിരീക്ഷിക്കൽ, പൊതുജനാരോഗ്യം പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ആരോഗ്യശുശ്രൂഷയിലെ നിരവധി മേഖലകളിൽ ഈ സഹകരണം വ്യാപിക്കും. ഉടമ്പടിയുടെ കാലാവധി അഞ്ചുവർഷമാണെന്നും അതിനുശേഷം സഹകരണത്തിെൻറ ഫലങ്ങൾ വിലയിരുത്തി ഇരുകക്ഷികളുടെയും താൽപര്യം പരിഗണിച്ച് കരാർ പുതുക്കുന്ന കാര്യം തീരുമാനിക്കുമെന്നും ഡോ. അൽഗിസ്വാനി പറഞ്ഞു.

പൊതുജനാരോഗ്യ രംഗത്ത് പുതു രോഗപ്രതിരോധ, ചികിത്സാ, ആരോഗ്യ പരിപാലന പ്രായോഗിക മാർഗങ്ങൾ കൊണ്ടുവരാനും പ്രകടനം മെച്ചപ്പെടുത്താനും ഈ കരാർ പ്രേരകമാകുമെന്നും സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി പോലുള്ള പ്രമുഖ സംഘടനകളുമായുള്ള സഹകരണം സൗദിയിലെ പൊതുജനാരോഗ്യ മേഖലയെ പുഷ്ടിപ്പെടുത്തുമെന്നും അനുഭവ പരിജ്ഞാനം പരസ്പരം പങ്കുവെക്കുന്നതിലൂടെ ഇരുകൂട്ടർക്കും കൂടുതൽ മെച്ചപ്പെട്ട ഫലങ്ങളുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!