ഹജ്ജ് നിര്‍ത്തിവെയ്ക്കില്ല; തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും, പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല

By Web TeamFirst Published Jun 23, 2020, 12:16 PM IST
Highlights

ലോകമെമ്പാടും 180ലധികം രാജ്യങ്ങൾ കൊവിഡ് മഹാമാരിയുടെ പിടിയിലമർന്ന സാഹചര്യത്തിൽ  അന്താരാഷ്ട്ര തലത്തിൽ മുഴുവൻ തീർഥാടകരെയും പങ്കെടുപ്പിച്ച് ഹജ്ജ് നടത്താന്‍ പ്രയാസമുള്ള സാഹചര്യത്തിലാണ് രാജ്യത്തിനകത്തുള്ള പരിമിത എണ്ണം തീർഥാടകരെ  മാത്രം പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചത്.

റിയാദ്: ആഭ്യന്തര തീർഥാടകരായ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് ഇത്തവണത്തെ ഹജ്ജ് കർമം നടത്താൻ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. സ്വദേശികളെയും രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യക്കാരെയും പങ്കെടുപ്പിക്കും. പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും അവസരം. വളരെ  സുരക്ഷിതവും ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പരമാവധി പാലിച്ചുമായിരിക്കും ഹജ്ജ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

ലോകമെമ്പാടും 180ലധികം രാജ്യങ്ങൾ കൊവിഡ് മഹാമാരിയുടെ പിടിയിലമർന്ന സാഹചര്യത്തിൽ  അന്താരാഷ്ട്ര തലത്തിൽ മുഴുവൻ തീർഥാടകരെയും പങ്കെടുപ്പിച്ച് ഹജ്ജ് നടത്താന്‍ പ്രയാസമുള്ള സാഹചര്യത്തിലാണ് രാജ്യത്തിനകത്തുള്ള പരിമിത എണ്ണം തീർഥാടകരെ  മാത്രം പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ ആരോഗ്യ  സുരക്ഷ കണക്കിലെടുത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച്  ഹജ്ജ് നടത്താൻ  തീരുമാനം

ആളുകള്‍ കൂടിച്ചേരുന്ന ഇടങ്ങളിൽ രോഗപകർച്ച കൂടുന്നതും സാമൂഹിക അകലം പാലിക്കാനുള്ള പ്രായാസവും വലിയ ഭീഷണിയായി  നിലനിൽക്കുന്നുണ്ട്. ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് കൊവിഡ് റിപ്പോർട്ട് ചെയ്ത സമയത്ത് ഉംറയും സിയാറത്തും നിർത്തിവെച്ചതെന്നും മന്ത്രാലയം  കൂട്ടിച്ചേർത്തു. 

click me!