
റിയാദ്: സൗദിയില്‍ സ്വതന്ത്ര സാമ്പത്തിക മേഖല മേഖലകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് നിക്ഷേപ മന്ത്രാലയം. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്ക് ബൃഹത് സംഭവനകളര്‍പ്പിക്കാന്‍ കഴിയുന്ന വന്‍ പദ്ധതികളെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സമ്പത്തിക മേഖലകള്‍ നിർമിക്കുക. മേഖലക്ക് പ്രത്യേക നിയമനിർമാണവും നികുതിയിളവുള്‍പ്പെടെയുള്ള നിരവധി ആനൂകൂല്യങ്ങളും ലഭ്യമാക്കും.
രാജ്യത്ത് തുടക്കം കുറിക്കുന്ന ഫ്രീ സോണുകളുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സ്വതന്ത്ര സാമ്പത്തിക മേഖലകളുടെ പ്രവര്‍ത്തനങ്ങളും രീതിയും സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ അവലോകനത്തിലാണെന്നും ഉടന്‍ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുക്കുന്ന സോണുകളെ പുതിയ ബജറ്റില്‍ ചില പ്രത്യേക നികുതികളില്‍ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക സോണുകളെ പ്രത്യേക നിയമനിർമാണ അധികാരത്തിലായിരിക്കും കൊണ്ടുവരിക. ഒപ്പം സോണുകള്‍ രാജ്യത്തെ പൊതു അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തവും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമായവയുമായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള തദ്ദേശിയരും വിദേശികളുമായ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വതന്ത്ര സാമ്പത്തിക സോണുകള്‍ക്ക് രൂപം നല്‍കുന്നത്.
നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപങ്ങളെ ഇത്തരം മേഖലകളിലേക്ക് പരിഗണിക്കില്ല. പകരം കയറ്റുമതിയും മെച്ചപ്പെട്ട അറ്റാദായവും ലഭിക്കുന്ന പുതിയ സംരഭങ്ങളെയാണ് സ്വീകരിക്കുക. ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോടെക്‌നോളജി, ഡിജിറ്റല്‍ വ്യവസായങ്ങള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് പോലുള്ളവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam