സൗദി കിരീടാവകാശി യൂറോ കപ്പ് ഫൈനല്‍ കണ്ടത് ഒമാന്‍ ഭരണാധികാരിക്കൊപ്പം

By Web TeamFirst Published Jul 13, 2021, 8:35 PM IST
Highlights

രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി നിയോമിലെത്തിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സൗദി കിരീടാവകാശി, ഒരുമിച്ച് യൂറോ കപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിക്കുകയായിരുന്നു. 

റിയാദ്: ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ യൂറോ കപ്പ് ഫൈനല്‍ മത്സരം ഒരുമിച്ച് വീക്ഷിച്ച് സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒമാന്‍ ഭരണാധികാരി സുല്‍ത്താല്‍ ഹൈതം ബിന്‍ താരിഖും. സൗദി അറേബ്യയുടെ ടൂറിസം സ്വപ്ന പദ്ധതിയായ നിയോം സിറ്റിയിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് വലിയ ടി.വി സ്‍ക്രീനിന് മുന്നില്‍ ഇരുവരും ഫൈനല്‍ മത്സരത്തിന് കാഴ്‍ചക്കാരായത്.

രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി നിയോമിലെത്തിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സൗദി കിരീടാവകാശി, ഒരുമിച്ച് യൂറോ കപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിക്കുകയായിരുന്നു. ഒമാന്‍ ഭരണാധികാരിയായി ചുമതലയേറ്റ ശേഷം സുല്‍ത്താന്‍ ഹൈതം നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു സൗദിയിലേത്.

കടുത്ത ഫുട്ബോള്‍ ആരാധകനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി പ്രൊഫഷണല്‍ ലീഗിന് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ ലീഗ്  കിരീടാവകാശിയുടെ പേരിലാണ് അറിയപ്പെടുന്നതും. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പ് മത്സരം വീക്ഷിക്കാന്‍ റഷ്യന്‍ പ്രസിഡന്റ്  വ്ലാദിമിര്‍ പുചിനൊപ്പം മുഹമ്മദ് ബിന്‍ സല്‍മാനുമുണ്ടായിരുന്നു. ഫുട്‍ബോള്‍ പ്രിയനായ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതമാവട്ടെ എണ്‍പതുകളില്‍ ഒമാന്‍ ഫുട്‍ബോള്‍ അസോസിയേഷനെ നയിച്ചിരുന്നയാളാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്‍ചയാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മസ്‍കത്തിലേക്ക് മടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!