സൗദി കിരീടാവകാശിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകി പാകിസ്ഥാന്‍

By Web TeamFirst Published Feb 18, 2019, 11:45 PM IST
Highlights

പുല്‍വാമ ഭീകരാക്രണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ട പാകിസ്ഥാന്‍ സൗദിയുടെ പിന്തുണയ്ക്കായി വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്

ലഹോര്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പരമോന്നത സിവിലയൻ ബഹുമതി നൽകി പാകിസ്ഥാന്റെ ആദരം. 2000 കോടി ഡോളറിന്റെ നിക്ഷേപം പാകിസ്ഥാനിൽ നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് 'നിഷാൻ ഇ പാകിസ്ഥാൻ' നൽകി ആദരിച്ചത്. പ്രസിഡന്റ് ആരിഫ് അലിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പുരസ്കാരം സമ്മാനിച്ചത്.

സൗദി ജയിലുകളിൽ കഴിയുന്ന 2107 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിൽ മുഹമ്മദ് ബിൻ സൽമാൻ ഒപ്പുവച്ചു. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം മുഹമ്മദ് ബിൻ സൽമാൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് നാളെ ദില്ലിയിലെത്തും. ഊർജ രംഗത്ത് ഉൾപ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക് ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. ഭികരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തിൽ സൗദിയുടെ പിന്തുണ ഇന്ത്യ തേടും. പുല്‍വാമ ഭീകരാക്രണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ട പാകിസ്ഥാന്‍ സൗദിയുടെ പിന്തുണയ്ക്കായി വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്.

സൗദിയും യുഎഇയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനിടെ പാകിസ്ഥാന് വീണുകിട്ടിയ അവസരമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം.ഞായറാഴ്ച സൗദി കിരീടാവകാശിയുടെ വിമാനം പാകിസ്ഥാന്റെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിച്ചതുമുതല്‍ ആറ് യുദ്ധവിമാനങ്ങളാണ് അകമ്പടി നല്‍കിയത്.

ഇതിന് ശേഷമാണ് സൗദി ജയിലുകളില്‍ കഴിയുന്ന 2,107 പാകിസ്ഥാനികളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ് വന്നത്. പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇത് സംബന്ധിച്ച ഉത്തരവിട്ടതായി പാകിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

click me!