
റിയാദ്: ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ എണ്ണവിലയെ അതിരൂക്ഷമായി ബാധിക്കുമെന്ന് സൗദി രാജകുമാരന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്തവിധം ഉയരുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ സിബിഎസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധം ഇന്ധന വിതരണം തടസ്സപ്പെടുകയും എണ്ണവില സങ്കല്‍പ്പിക്കാനാവാത്തവിധം ഉയരുകയും ചെയ്യുമെന്ന് സൗദി രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി. തെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും തുടര്‍ന്നാല്‍ ലോക സമ്പദ്‍വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സല്‍മാന്‍ രാജകുമാരന്റെ പ്രതികരണം.
ഇറാനുമായി യുദ്ധത്തിലേര്‍പ്പെടുന്നതിനോട് സൗദി യോജിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധ മുണ്ടായാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തെ ഇന്ധന വിതരണത്തിന്റെ 30 ശതമാനവും ആഗോള വ്യാപാര ഭാഗങ്ങളുടെ 20 ശതമാനവും ലോക ജിഡിപിയുടെ നാല് ശതമാനവും പ്രതിനിധീകരിക്കുന്നത് സൗദിയാണ്. ഇത് മൂന്നും തടസസ്സപ്പെട്ടാല്‍ സൗദിയെയോ മദ്ധ്യപൂര്‍വ ദേശത്തെയോ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള തകര്‍ച്ചയ്ക്ക് തന്നെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ