കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്; പ്രചാരണങ്ങള്‍ നിഷേധിച്ച് സൗദി ആരോഗ്യ മന്ത്രാലയം

By Web TeamFirst Published May 4, 2021, 5:51 PM IST
Highlights

വാക്‌സിന്റെ ആഗോള വിതരണത്തില്‍ സംഭവിച്ച കാലതാമസമാണ് രണ്ടാം ഡോസ് നീട്ടിവെക്കാന്‍ ഇടയാക്കിയതെന്നും മറ്റ് എല്ലാ പ്രചാരണങ്ങളും തെറ്റാണെന്നും വാക്‌സിനുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കി മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

റിയാദ്: കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പാര്‍ശ്വഫലങ്ങള്‍ ഭയന്നാണ് സൗദിയില്‍ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം നീട്ടിയതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ മന്ത്രാലയം നിഷേധിച്ചു. 

വാക്‌സിന്റെ ആഗോള വിതരണത്തില്‍ സംഭവിച്ച കാലതാമസമാണ് രണ്ടാം ഡോസ് നീട്ടിവെക്കാന്‍ ഇടയാക്കിയതെന്നും മറ്റ് എല്ലാ പ്രചാരണങ്ങളും തെറ്റാണെന്നും വാക്‌സിനുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കി മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. രണ്ടാം ഡോസിനുള്ള എല്ലാ ബുക്കിങും നീട്ടിവെക്കുകയാണെന്ന് ഏപ്രില്‍ 10ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു. ഒന്നാം ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്കും രണ്ടാം ഡോസ് നീട്ടിവെക്കുന്ന വിവരം സിഹതീ ആപ്ലിക്കേഷന്‍ വഴി നല്‍കിയിരുന്നു. രണ്ടാമത്തെ ഡോസ് വിതരണം ചെയ്യുന്ന തീയതി ഈ ആപ്പ് വഴി തന്നെ ജനങ്ങളെ അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ തന്നെ നേരിട്ട് ലഭ്യമാക്കും. വാക്‌സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് രണ്ടാം ഡോസിന്റെ ഷെഡ്യൂള്‍ അറിയിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. 
 

click me!