'മകളേ മാപ്പ്'; കൊവിഡിനെതിരെ പൊരുതി ജയിച്ച് നഴ്സ്, പക്ഷേ മകളുടെ ജീവന്‍ കവര്‍ന്ന് രോഗം

By Web TeamFirst Published Jun 27, 2020, 5:41 PM IST
Highlights

മെയ് 11നാണ് റദിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അപ്പോഴേക്കും റദിയയില്‍ നിന്ന് വീട്ടിലുള്ളവര്‍ക്കും രോഗം ബാധിച്ചിരുന്നു. എല്ലാവര്‍ക്കും രോഗം ഭേദമായെങ്കിലും മകള്‍ മഅ്സൂമയുടെ നില മാത്രം ഗുരുതരമായി തുടര്‍ന്നു.

അല്‍ഹസാ: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായ നഴ്സിന് നഷ്ടമായത് സ്വന്തം മകളെ. സൗദി അറേബ്യയിലെ അല്‍ഹസാ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന സ്വദേശിയായ റദിയ അല്‍ഹമൂദിന്‍റെ മകളെയാണ് കൊവിഡ് കവര്‍ന്നത്. ആതുരസേവനത്തിനായി സ്വയം സമര്‍പ്പിച്ചപ്പോഴും മകളെ നഷ്ടമായതിന്‍റെ വേദനയിലാണ് റദിയ.

മാര്‍ച്ച് 16നാണ് റദിയയെ കൊവിഡ് പ്രതിരോധ വിഭാഗത്തിലേക്ക് ചുമതലപ്പെടുത്തിയത്. നിരവധി രോഗികളെ പരിചരിക്കുന്നതിനിടെ റദിയയും കൊവിഡ് പോസിറ്റീവായി. മെയ് 11നാണ് റദിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അപ്പോഴേക്കും റദിയയില്‍ നിന്ന് വീട്ടിലുള്ളവര്‍ക്കും രോഗം ബാധിച്ചിരുന്നു. എല്ലാവര്‍ക്കും രോഗം ഭേദമായെങ്കിലും മകള്‍ മഅ്സൂമയുടെ നില മാത്രം ഗുരുതരമായി തുടര്‍ന്നു. മഅ്സൂമയുടെ നില ദിവസം തോറും വഷളായി വന്നതോടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമമായി ഡോക്ടര്‍മാര്‍ അവളെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

ഡോക്ടര്‍മാരുടെ സംഘം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കൊവിഡിന്‍റെ പിടിയില്‍ നിന്നും മഅ്സൂമയുടെ ജീവന്‍ തിരിച്ചുപിടിക്കാനായില്ല. ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മരണത്തോട് മല്ലിടുന്ന മകള്‍ക്കരികില്‍ റദിയയെത്തിയത് മാപ്പപേക്ഷയുമായാണ്. തന്നില്‍ നിന്ന് കൊവിഡ് പോസിറ്റീവായ മകളോട് ഹൃദയം നുറുങ്ങുന്ന വേദനയോടെ റദിയ മാപ്പ് പറഞ്ഞു. എന്നാല്‍ മാതാവിനോട് ക്ഷമിച്ചെന്നും മാതാവിനെ മിസ് ചെയ്യുന്നെന്നും പറഞ്ഞായിരുന്നു മഅ്സൂമ മരണത്തിന് കീഴടങ്ങിയത്. ജീവന്‍ പോലും തൃണവല്‍ക്കരിച്ച് സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗങ്ങള്‍ക്ക് എത്ര വില നല്‍കിയാലും മതിയാകില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഹൃദയഭേകമായ ഈ സംഭവം. 

 

click me!