
അങ്കാറ: തുർക്കിയിൽ കാണാതായ സൗദി അറേബ്യൻ പത്രപ്രവർത്തകൻ ജമാൽ ഖഷോഗി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടെന്ന വാര്‍ത്ത സൗദി നിഷേധിച്ച. ഇത് സംബന്ധിച്ച് റോയിട്ടേഴ്സ് നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ അന്വേഷണം നടത്തുകയും ഇക്കാര്യത്തില്‍ ഔദ്ദ്യോഗികമായി പ്രതികരിക്കാന്‍ അവകാശവുമുള്ള തുര്‍ക്കി അധികൃതര്‍ തന്നെയാണോ ഇത്തരം വാര്‍ത്ത പുറത്തുവിട്ടതെന്നുള്ള സംശയവും സൗദി മുന്നോട്ടുവെച്ചു. അതേസമയം സൗദിയില്‍ നിന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ ഒരു സംഘം ശനിയാഴ്ച തുര്‍ക്കിയില്‍ എത്തിയിരുന്നെന്ന് സൗദി സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം തുര്‍ക്കി അധികൃതരുടെ അനുമതിയോടെയായിരുന്നു ഇതെന്നാണ് അറിയിച്ചിരിക്കുന്നത്.
ജമാൽ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തെ സഹായിക്കാനാണ് ഈ സംഘം എത്തിയത്. സൗദിയുടെ ഈ ആവശ്യം അംഗീകരിച്ച തുര്‍ക്കി ഭരണകൂടത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്. ലോകത്ത് എവിടെയായിരുന്നാലും സൗദി പൗരന്മാരുടെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും സംഭവത്തിലെ ദൂരൂഹത നീക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും സൗദി വൃത്തങ്ങള്‍ അറിയിച്ചു.
ജമാൽ ഖഷോഗി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ്ഇന്ന് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ദിവസം മുന്‍പ് തുർക്കിയിലെ സൗദി അറേബ്യൻ കോണ്‍സുലേറ്റിൽ നിന്നാണ് അദ്ദേഹത്ത കാണാതായത്. ഖഷോഗിയുടെ മൃതദേഹം കോണ്‍സുലേറ്റിൽ നിന്ന് മാറ്റിയതായും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായിരുന്നു ഖഷോഗി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam