സൗദിയില്‍ ഭാഗികമായ രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്‍

By Web TeamFirst Published Sep 15, 2020, 2:25 PM IST
Highlights

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്നതും 48 മണിക്കൂറിനുള്ളില്‍ ഇഷ്യൂ ചെയ്തതുമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളില്‍ ഹാജരാക്കണം.

റിയാദ്: രാജ്യാന്തര യാത്രക്കുള്ള വിലക്ക് ചൊവ്വാഴ്ച മുതല്‍ ഭാഗികമായി നീക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതോടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിരിക്കും മടങ്ങിവരുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കുക. കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്നതും 48 മണിക്കൂറിനുള്ളില്‍ ഇഷ്യൂ ചെയ്തതുമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളില്‍ ഹാജരാക്കണം. തിരിച്ചെത്തിയ തീയതി മുതല്‍ ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയാമെന്ന പ്രതിജഞ ഒപ്പിട്ടു നല്‍കണം, എട്ട് മണിക്കൂറിനുള്ളില്‍ 'തത്മന്‍' ആപ്ലിക്കേഷനില്‍ താമസസ്ഥലം നിര്‍ണയിക്കുക തുടങ്ങിയവ മടങ്ങി വരുന്നവര്‍ക്കായി നിശ്ചയിച്ച ആരോഗ്യ സുരക്ഷ നടപടികളിലുള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഈ വര്‍ഷം മാര്‍ച്ചിലാണ് സൗദി വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയത്. ഏഴ് മാസത്തോളമായി നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ ഭാഗികമായി പുനരാരംഭിക്കുന്നത്.

click me!