കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ത്ഥാടനം ഇന്ന് പുനഃരാരംഭിക്കും

By Web TeamFirst Published Oct 4, 2020, 12:06 AM IST
Highlights

ഒരു സംഘത്തിന് മൂന്നു മണിക്കൂറാണ് ഉംറ നിർവ്വഹിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഒരു സംഘത്തിൽ ആയിരത്തിൽ താഴെ തീർത്ഥാടകർ മാത്രമാണുള്ളത്. അതേസമയം ഹജ്ജ്-ഉംറ മന്ത്രാലയം ആവിഷ്‌ക്കരിച്ച ഇഅത് മർനാ എന്ന സ്മാർട്ട് ഫോൺ ആപ്പ്ളിക്കേഷനിലൂടെ ഇതുവരെ ഒരുലക്ഷത്തിലധികം ആളുകൾക്ക് ഉംറ നിർവ്വഹിക്കാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു

മക്ക: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ത്ഥാടനം ഇന്ന് പുനഃരാരംഭിക്കും. ഇന്ന് രാവിലെ ആറുമണിക്കാണ് തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നത്. ഒരു ദിവസം ആറായിരം പേർക്കു മാത്രമാണ് ഉംറ നിർവ്വഹിക്കാൻ അനുമതി. ഇന്ന് രാവിലെ ആറുമണിക്കാണ് മസ്‌ജിദുൽ ഹറമിലേക്ക് ആദ്യ സംഘത്തെ കടത്തിവിടുന്നത്. ഒരു സംഘത്തിന് മൂന്നു മണിക്കൂറാണ് ഉംറ നിർവ്വഹിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. 

ഒരു സംഘത്തിൽ ആയിരത്തിൽ താഴെ തീർത്ഥാടകർ മാത്രമാണുള്ളത്. അതേസമയം ഹജ്ജ്-ഉംറ മന്ത്രാലയം ആവിഷ്‌ക്കരിച്ച ഇഅത് മർനാ എന്ന സ്മാർട്ട് ഫോൺ ആപ്പ്ളിക്കേഷനിലൂടെ ഇതുവരെ ഒരുലക്ഷത്തിലധികം ആളുകൾക്ക് ഉംറ നിർവ്വഹിക്കാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ തീർത്ഥാടനം അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.

ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ചാകും ഇതിൽ തീരുമാനം എടുക്കുകയെന്ന് ഹജ്ജ്- ഉംറ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സൗദി അറേബ്യയിൽ ശനിയാഴ്ച 626 പേർ കൊവിഡ് മുക്തി നേടി. 419 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 27 പേർ കൊവിഡ് ബാധിച്ച് രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ മരിച്ചു. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത 3,35,997 പോസിറ്റീവ് കേസുകളിൽ 3,20,974 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4850 ആയി ഉയർന്നു.  

രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10173 പേരാണ്. അതിൽ 954 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.6 ശതമാനമായി. മരണനിരക്ക്  1.4 ശതമാനമാണ്. റിയാദ് 4, ജിദ്ദ 4, മക്ക 3, ഹുഫൂഫ് 2, ദമ്മാം 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അബഹ 3, നജ്റാൻ 1, തബൂക്ക് 2, ജീസാൻ 3, അബ്ഖൈഖ് 1, സബ്യ 1  എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങൾ സംഭവിച്ചത്.

24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 68. യാംബു  48, മക്ക 45, റിയാദ് 25, ഹുഫൂഫ് 20, ദഹ്റാൻ 16, മുബറസ് 15, ഖമീസ് മുശൈത്ത് 15, ജീസാൻ 11, അബഹ 9, ജിദ്ദ 9, നജ്റാൻ 9, മഖ്വ 7, ദമ്മാം 7 എന്നിങ്ങനെയാണ്  പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്ച 46,019 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ  നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 66,38,679 ആയി. 

click me!