ബെയ്റൂത്ത് സ്ഫോടനം; സഹായവുമായി സൗദിയിൽ നിന്ന് മൂന്നാമത്തെ വിമാനവും ലെബനനിലേക്ക്

By Web TeamFirst Published Aug 9, 2020, 2:58 PM IST
Highlights

വിവിധതരം മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, സ്റ്റെറിലൈസര്‍, മാസ്‌ക്, പ്രതിരോധ ഉപകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, തമ്പുകള്‍, പായകള്‍, ബെഡ്ഷീറ്റുകള്‍, പാത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് വിമാനങ്ങളില്‍ ലെബനനിലേക്ക് അയച്ചത്.

റിയാദ്: ബെയ്‌റൂത്തിലെ സ്‌ഫോടന ഇരകള്‍ക്ക് സഹായവുമായി മൂന്നാമത്തെ വിമാനവും സൗദി അറേബ്യയില്‍ നിന്ന് ലെബനനിലേക്ക് പറന്നു. കെ.എസ്. റിലീഫ് സെന്ററിന് കീഴില്‍ അടിയന്തര അവശ്യ വസ്തുക്കളും വഹിച്ചുള്ള സൗദി എയര്‍ലൈന്‍സ് വിമാനം ശനിയാഴ്ച രാവിലെയാണ് ലെബനന്‍ തലസ്ഥാനേത്തക്ക് പറന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സഹായം അയക്കുന്നത്. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 120 ടണ്‍ വസ്തുക്കള്‍ അയച്ചിരുന്നു. സഹായ വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനുള്ള പ്രത്യേക സംഘം മറ്റൊരു വിമാനത്തില്‍ അനുഗമിക്കുന്നുണ്ടെന്നും കെ.എസ്. റിലീഫ് സെന്റര്‍ ഉപദേഷ്ടാവ് ഡോ. അലി ബിന്‍ ഹാമിദ് അല്‍ഗാമിദി പറഞ്ഞു. കൃത്രിമ ശ്വാസം നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍, തീവ്രപരിചരണ നിരീക്ഷണ ഉപകരണങ്ങള്‍, ഇലക്ട്രോണിക് പമ്പുകള്‍, എമര്‍ജന്‍സി വസ്തുക്കള്‍, വിവിധതരം മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, സ്റ്റെറിലൈസര്‍, മാസ്‌ക്, പ്രതിരോധ ഉപകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, തമ്പുകള്‍, പായകള്‍, ബെഡ്ഷീറ്റുകള്‍, പാത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് വിമാനങ്ങളില്‍ ലെബനനിലേക്ക് അയച്ചത്.

മൂന്നുവിമാനങ്ങളിലും കൂടി 200 ടണ്‍ വസ്തുക്കളായെന്നും അദ്ദേഹം പറഞ്ഞു. സെന്ററിന്റെ കീഴിലുള്ള വിവിധ സൊസൈറ്റികള്‍ വഴിയും ആംബുലന്‍സ് സംഘങ്ങള്‍ വഴിയും ദുരിതബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെയ്‌റൂത്തിലെ റഫീഖ് അല്‍ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സൗദി സഹായങ്ങള്‍ ലബനാനിലെ കെ.എസ് റിലീഫ് സെന്റര്‍ ഓഫീസും സൗദി എംബസിയും പ്രാദേശിക ഔദ്യോഗിക സംവിധാനങ്ങളും സിവില്‍ സൊസൈറ്റി സ്ഥാപനങ്ങളും കൂട്ടായി ആലോചിച്ച് വിതരണം ചെയ്യും.

click me!