
റിയാദ്: സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയിൽ കിടന്നത്. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്.
2005ൽ ലണ്ടനിൽ പഠനത്തിനിടെയാണ് അൽവലീദ് ബിൻ ഖാലിദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതൽ ഈ 20 വർഷവും കോമയിലായിരുന്നു.
ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങൾ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്പോൾ പോകട്ടെയെന്ന് അൽ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹ പരിചരണത്താൽ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.
ഖാലിദ് ബിൻ തലാൽ തന്നെയാണ് മരണവിവരം സൗദി പ്രസ് ഏജന്‍സിയോട് സ്ഥീരീകരിച്ചത്. ലോകമാകെ ആർദ്രമായി ഉറ്റുനോക്കിയ ജീവിതമാണ് അവസാനിച്ചത്. ലോകത്ത് അപൂർവമായൊരു ജീവിത മാതൃകയും. ഇന്ന് സൗദിയിലെങ്ങും പ്രാർത്ഥനകൾ നടക്കും.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. 20 വർഷമായി ഇദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ത്ഥനയും തുടരുകയായിരുന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
കോമയിലായതോടെ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അൽ വലീദ് രാജകുമാരന്റെ പിതാവ് തടയുകയായിരുന്നു. 2019ൽ അദ്ദേഹത്തിന്‍റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് വീണ്ടും യാതൊരു പുരോഗതിയും ആരോഗ്യനിലയിൽ ഉണ്ടായില്ല.
ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്‍റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്.
റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ ആദ്യം പരിചരിച്ചിരുന്നത്. പിന്നീട് ആശുപത്രിയിലെ എല്ലാ ജീവൻ രക്ഷാ സംവിധാനങ്ങളും വീട്ടിലൊരുക്കുകയായിരുന്നു. ട്യൂബ് വഴിയാണ് ഭക്ഷണം നൽകി വന്നിരുന്നത്.ദൈവം തന്‍റെ മകന് മരണം കൽപ്പിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ അവന് ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നാണ് അൽ വലീദ് രാജകുമാരന്റെ പിതാവ് പറഞ്ഞിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ