ഒളിമ്പിക്‌സ് വേദിയില്‍ സൗദിയുടെ പതാകയേന്തിയ വനിത; രാജ്യത്തിന്റെ കായികചരിത്രത്തിലേക്ക് 'ഓടിക്കയറി' യാസ്മിന്‍

By Web TeamFirst Published Jul 27, 2021, 3:01 PM IST
Highlights

അത്‌ലറ്റിക് ദേശീയ ട്രയല്‍സില്‍ വനിതകളുടെ 100 മീറ്ററില്‍ റെക്കോര്‍ഡോടെയായിരുന്നു യാസ്മിന്റെ നേട്ടം. സൗദിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാണ് യാസ്മിന്‍ അല്‍ദബ്ബാഗ്. 

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ സൗദി അറേബ്യയുടെ പതാക വഹിച്ച് യാസ്മിന്‍ അല്‍ദബ്ബാഗ് നടന്നു നീങ്ങിയപ്പോള്‍ രാജ്യത്തിന്റെ കായികചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെട്ടു. ആദ്യമായാണ് ഒളിമ്പിക്‌സ് വേദിയില്‍ ഒരു വനിത സൗദിയുടെ പതാകയേന്തുന്നത്. തുഴച്ചില്‍ താരം ഹുസൈന്‍ അലി രിസക്കൊപ്പമാണ് 100 മീറ്റര്‍ ഓട്ടക്കാരി യാസ്മിന്‍ രാജ്യത്തിന്റെ പതാക വഹിച്ചത്.

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യൂണിവേഴ്‌സിറ്റിതല തെരഞ്ഞെടുപ്പ് വഴിയാണ് 23കാരിയായ യാസ്മിന്‍ യോഗ്യത നേടിയത്. അത്‌ലറ്റിക് ദേശീയ ട്രയല്‍സില്‍ വനിതകളുടെ 100 മീറ്ററില്‍ റെക്കോര്‍ഡോടെയായിരുന്നു യാസ്മിന്റെ നേട്ടം. സൗദിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാണ് യാസ്മിന്‍ അല്‍ദബ്ബാഗ്. 

ഓര്‍മ്മവെച്ച നാള്‍ മുതല്‍ക്കേ ട്രാക്കും ഫീല്‍ഡും ഹൃദയത്തോട് ചേര്‍ത്തിരുന്നെന്ന് പറയുന്ന യാസ്മിന്‍ ജിദ്ദ നോളജ് സ്‌കൂളിലെ പഠന കാലത്ത് ബാസ്‌കറ്റ്‌ബോള്‍, നീന്തല്‍, വോളിബോള്‍, ജിംനാസ്റ്റിക്‌സ് എന്നിവയിലും പങ്കെടുത്തിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയതാണ് യാസ്മിന്റെ അത്‌ലറ്റിക് ജീവിതത്തിലെ വഴിത്തിരിവായത്. 2019ല്‍ സൗദി അറേബ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനില്‍ അംഗമായി. ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരികളിലൊരാളായ ലിന്‍ഫോര്‍ഡ് ക്രിസ്റ്റിയുടെ കീഴില്‍ മൂന്നു വര്‍ഷമായി പരിശീലനം നേടുകയാണ്.

സൗദിയിലെ കായികമേഖല മുമ്പെങ്ങുമില്ലാത്തവിധം വളര്‍ച്ചയുടെ പാതയിലാണെന്നും വിഷന്‍ 2030 എന്ന ആശയത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് നന്ദി അറിയിക്കുന്നതായും യാസ്മിന്‍ 'അറബ് ന്യൂസി'നോട് പ്രതികരിച്ചു. രാജ്യത്തെ കായികരംഗത്ത് സംഭവിക്കുന്ന മാറ്റത്തില്‍ അത്‌ലറ്റുകള്‍ എന്ന നിലയില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും ട്രാക്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും യാസ്മിന്‍ പറഞ്ഞു. രാജ്യത്തിന്റെ കായികമേഖല വലിയ മുന്നേറ്റം നടത്തുകയാണ്. ഇതില്‍ നിരവധി ആളുകളോട് നന്ദി അറിയിക്കാനുണ്ട്. കായികമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍കി അല്‍ ഫൈസലിനോടും, സൗദി അറേബ്യന്‍ ഒളിമ്പിക് കമ്മറ്റി, അത്‌ലറ്റിക്‌സ് ഫൗണ്ടേഷന്‍ എന്നിവയ്ക്കും നന്ദി പറയുന്നു യാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. 

ജൂലൈ 30നാണ് ഒളിമ്പിക്‌സ് ട്രാക്കില്‍ യാസ്മിന്‍ ആദ്യമായി മത്സരിക്കാനിറങ്ങുന്നത്. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ കുടുംബമാണ് യാസ്മിന്‍റെ ശക്തി. ഒരിക്കലും തോല്‍വി സമ്മതിക്കരുതെന്നതാണ് തന്റെ ജീവിതത്തിന്റെ ആപ്തവാക്യമെന്ന് പറയുന്ന യാസ്മിന് ട്രാക്കിലെ പ്രചോദനം അമേരിക്കന്‍ വനിതാ റണ്ണര്‍ അലിസണ്‍ ഫെലിക്‌സാണ്.  

ടോക്കിയോ ഒളിമ്പിക്‌സിന് തിരിതെളിയുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ആഗോള കായിക മാമാങ്കത്തില്‍ പങ്കെടുക്കാനുള്ള അവസരം യാസ്മിന് ലഭിക്കുന്നത്. സൗദി അറേബ്യയുടെ കായിക ചരിത്രത്തിലെ വനിതാ മുന്നേറ്റത്തിന്‍റെ വക്താക്കളിലൊരാളായ യാസ്മിന്റെ ഒളിമ്പിക്‌സ് അരങ്ങേറ്റം, രാജ്യത്തെ വളര്‍ന്നുവരുന്ന നിരവധി വനിതാ അത്‌ലറ്റുകള്‍ക്ക് മുമ്പോട്ട് പോകാനുള്ള പ്രചോദനവും പ്രതീക്ഷയുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!