വിനോദസഞ്ചാരത്തിന് മദ്യം വേണ്ട; സൗദിയിൽ മദ്യനിരോധനം തുടരും

By Web TeamFirst Published Nov 26, 2019, 11:38 AM IST
Highlights

പള്ളികളിലെ പ്രാർത്ഥനാവേളയില്‍ കടകളും ഷോപ്പിങ് മാളുകളും അടച്ചിടുന്നത് തുടരും. 

റിയാദ്: സൗദി അറേബ്യയില്‍ മദ്യനിരോധനം തുടരുമെന്ന് ടൂറിസം വകുപ്പ്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ മദ്യം ആവശ്യമില്ലെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആൻഡ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അഹമ്മദ് അല്‍ഖത്തീബ് വ്യക്തമാക്കി. ഇപ്പോൾ നടപ്പായ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി വിനോദ സഞ്ചാരികൾ എത്തുന്നത്. 

ഇതുവരെ ഒന്നര ലക്ഷം ടൂറിസ്റ്റ് വിസ അപേക്ഷകളാണ് ലഭിച്ചത്. ഇത് പ്രതീക്ഷിച്ചതില്‍ കൂടുതലാണെന്നും അഹമദ് അല്‍ഖത്തീബ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിദേശ ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളും രാജ്യത്തുണ്ട്. സൗദിയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ടുതന്നെ ടൂറിസം പ്രോത്സാഹിപ്പിക്കും. പള്ളികളിലെ പ്രാർത്ഥനാവേളയില്‍ കടകളും ഷോപ്പിങ് മാളുകളും അടച്ചിടുന്നത് തുടരും. ആ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രാർത്ഥിക്കാനുളള അവസരം നിഷേധിക്കാനാവില്ല. ഇത് വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതല്ലെന്നും അഹമ്മദ് അല്‍ഖത്തീബ് വ്യക്തമാക്കി.

click me!