സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി നിര്‍ബന്ധമാക്കുന്നു

By Web TeamFirst Published Jan 4, 2019, 8:47 PM IST
Highlights

നിലവില്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണമായ ഇളവിന് പുറമെ ഒന്‍പത് പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായും ലെവിയില്‍ ഇളവ് നല്‍കുന്നുണ്ട്. ഇത് പൂര്‍ണ്ണമായി എടുത്തുകളയാനാണ് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റിയാദ്: സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. നിലവില്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് എടുത്തുകളഞ്ഞ് എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ലെവി ബാധകമാക്കുമെന്ന് പ്രദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണമായ ഇളവിന് പുറമെ ഒന്‍പത് പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായും ലെവിയില്‍ ഇളവ് നല്‍കുന്നുണ്ട്. ഇത് പൂര്‍ണ്ണമായി എടുത്തുകളയാനാണ് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസത്തിന് ശേഷം രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാവുന്ന തരത്തിലായിരിക്കും അടുത്ത പരിഷ്കരണം കൊണ്ടുവരിക.

നിലവിലുള്ള ലെവി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സ്വദേശികളെക്കാള്‍ കൂടുതൽ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശികൾക്ക് മാസം തോറും 400 റിയാലായിരുന്നത് ഇനി മുതല്‍ 600 റിയാലായി വർധിക്കും. എന്നാൽ സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ വിദേശികൾ 500 റിയാലാണ് ലെവിയായി നല്‍കേണ്ടി വരുന്നത്.

click me!