ആയിരത്തോളം സ്വദേശി ഡോക്ടര്‍മാര്‍ക്ക് ജോലിയില്ല; സൗദിയില്‍ പ്രവാസി ദന്ത ഡോക്ടർമാർക്ക് ഇനി അവസരങ്ങൾ കുറയും

Published : Nov 26, 2019, 04:50 PM ISTUpdated : Nov 26, 2019, 04:52 PM IST
ആയിരത്തോളം സ്വദേശി ഡോക്ടര്‍മാര്‍ക്ക് ജോലിയില്ല; സൗദിയില്‍ പ്രവാസി ദന്ത ഡോക്ടർമാർക്ക് ഇനി അവസരങ്ങൾ കുറയും

Synopsis

ആദ്യ ഘട്ടത്തിൽ 25 ശതമാനവും രണ്ടാം ഘട്ടമായ 2021 മാർച്ച് 14ന് ബാക്കി 30 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജ്ഹി തീരുമാന പ്രഖ്യാപനത്തിൽ പറഞ്ഞു. 

റിയാദ്: പ്രവാസി ദന്തഡോക്ടർമാർക്ക് സൗദി അറേബ്യയില്‍ ഇനി അവസരങ്ങൾ കുറയും. ഈ രംഗത്ത് 55 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനിച്ചതോടെയാണിത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദന്തരോഗ ചികിത്സാമേഖലയിൽ രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവത്കരണം അടുത്ത വർഷം മാർച്ച് 25 മുതൽ പ്രാബല്യത്തില്‍ വരും. 

ആദ്യ ഘട്ടത്തിൽ 25 ശതമാനവും രണ്ടാം ഘട്ടമായ 2021 മാർച്ച് 14ന് ബാക്കി 30 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജ്ഹി തീരുമാന പ്രഖ്യാപനത്തിൽ പറഞ്ഞു. മൂന്നും അതിൽ കൂടുതലും വിദേശ ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പുതിയ തീരുമാനം ബാധകം. സ്വകാര്യ ആശുപത്രികളും പോളിക്ലിനിക്കുകളും മറ്റു സ്ഥാപനങ്ങളും ഇക്കാര്യം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കും. ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കും.

ആരോഗ്യ മന്ത്രാലയം, കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി എന്നിവയുമായുള്ള പങ്കാളിത്തത്തോടെയാണ് ദന്ത മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. സൗദി ദന്ത ഡോക്ടർമാർക്ക് പരിശീലനവും തൊഴിൽ നിയമനവും നൽകുന്നതിന് മാനവശേഷി വികസന നിധി വഴി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. 

സ്വദേശികളായ ആയിരത്തിലേറെ ദന്ത ഡോക്ടർമാർ തൊഴിൽ രഹിതരാണെന്നാണ് റിപ്പോർട്ട്. സൗദി ദന്ത ഡോക്ടർമാർക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് അടുത്തിടെ ആരോഗ്യ മന്ത്രി തൗഫീഖ് അൽറബീഅ വ്യക്തമാക്കിയിരുന്നു. സൗദി ഹെൽത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷൻ ലൈസൻസുള്ള 5287 സൗദി ദന്ത ഡോക്ടർമാരും 9729 വിദേശ ദന്ത ഡോക്ടർമാരും രാജ്യത്തുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. കമ്മീഷൻ ലൈസൻസുള്ള 3116 ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും സൗദിയിലുണ്ട്. ഇക്കൂട്ടത്തിൽ 1651 പേർ സൗദികളും ബാക്കിയുള്ളവർ വിദേശികളുമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം